ഇരിട്ടി: വന മേഖലയുമായി ബന്ധപ്പെട്ട് വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾചർച്ച ചെയ്യുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി ജില്ലയിലെ വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും യോഗമായ വന സൗഹൃദ സദസ് ഏപ്രിൽ അഞ്ചിന് ഇരിട്ടിയിൽ നടക്കും. വനം മന്ത്രിയും പൊതുമരാമത്ത് -ടൂറിസം മന്ത്രിയും പങ്കെടുക്കുന്ന യോഗത്തിന്റെ ഭാഗമായുള്ള സംഘാടക സമതി യോഗം ഇരിട്ടിയിൽ ചേർന്നു. വന സൗഹൃദ സദസ്സിന് മുന്നോടിയായി വന മേഖലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിൽ അവലോകന യോഗം നടക്കും. ഏപ്രിൽ രണ്ടിനുള്ളിൽ ഇവ പൂർത്തിയാക്കും. പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന യോഗത്തിൽ വനമേഖലയുമായും വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും പ്രശ്‌നങ്ങളും പരാതി മുഖേന എഴുതി നൽകാനും അവസരം ഉണ്ട്. വനം ഡപ്യൂട്ടി റെയിഞ്ചർ തലത്തിലുള്ള ഉദ്ധ്യോഗസ്ഥനാണ് യോഗത്തിൽ പങ്കെടുക്കുക.
ഏപ്രിൽ അഞ്ചിന് രാവിലെ ഇരിട്ടി മഹാത്മാഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വന സൗഹൃദ സദസ്സ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടത്തിൽ മന്ത്രി തല സംഘം പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കും. ഇതിന് പിന്നാലെ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതി കേൾക്കുകയും പ്രാദേശിക തലത്തിൽ തീർക്കാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യും.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന അവലോകനയോഗത്തിൽ സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷതനായി. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത, ഡി എഫ് ഒ പി. കാർത്തിക്ക്, ആറളം വൈൽഡ് ലൈഫ് വാർഡൻ സന്തോഷ്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നെരോത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, സാജു സേവ്യർ, ലിസി ഇമ്മാനുവേൽ, എം.ലിജി, ഇരിട്ടി നഗരസഭാ വൈസ്.ചെയർാൻ പി.പി. ഉസ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി. സക്കീർ ഹുസൈൻ, ചന്ദ്രൻ തില്ലങ്കേരി, പായം ബാബുരാജ്, അജയൻ പായം, ജെയ്‌സൻ ജീരകശേരി, സമീർ പുന്നാട് എന്നിവർ സംസാരിച്ചു. സണ്ണിജോസഫ് എം എൽ എ ചെയർമാനും ഡി എഫ് ഒ പി. കാർത്തിക്ക് കൺവീനറുമായി സംഘാടക സമിതി രൂപ വത്ക്കരിച്ചു.
إرسال تعليق