കണ്ണൂര്‍: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ വ്യത്യസ്ത അപ്പീലുമായി മേൽക്കോടതിയിലേക്ക്. സിപിഎം പ്രവർത്തകരായ പ്രതികൾക്ക് വേണ്ടി പാർട്ടി നേരിട്ട് അപ്പീൽ നൽകുമ്പോൾ സിപിഎം പുറത്താക്കിയ സിഒടി നസീർ സ്വന്തം നിലയിൽ ഹർജി നൽകും. അതേസമയം പ്രതികളെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷൻ ഉടൻ അപ്പീൽ നൽകണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് നേതൃത്വവും രംഗത്ത് വന്നു.
സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയ്ക്ക് നേരെ നടന്ന വധശ്രമമെന്ന നിലയിൽ കണ്ണൂരിലെ കേസിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞപ്പോൾ 110 പ്രതികളിൽ 107 പേരെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. കേസ് നടത്തിപ്പിലും വിചാരണയിലുമെല്ലാം നിരവധി പാളിച്ച സംഭവച്ച കേസിൽ ശിക്ഷിക്കപ്പെട്ടവരും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മേൽക്കോടതിയെ സമീപിക്കുകയാണ്. മൂന്ന് പ്രതികളിൽ രണ്ട് പേർ സിപിഎമ്മിലും ഒരാൾ സിപിഎമ്മിന് പുറത്തുമാണിപ്പോൾ.
ഈ സാഹചര്യത്തിൽ പ്രതികൾ വ്യത്യസ്ത അപ്പീലുകളുമായാണ് കോടതിയെ സമീപിക്കുന്നത്. രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിഒടി നസീർ സ്വന്തം നിലയിൽ ഇന്ന് അപ്പീൽ നൽകും. തെളിവുകളില്ലാതിരുന്നിട്ടും തന്നെ ശിക്ഷിച്ചതിന് പിന്നിൽ കേസ് നടത്തിപ്പിലെ കളിയാണെന്നാണ് നസീറിന്‍റെ ആരോപണം. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കായി പാർട്ടി തന്നെ അപ്പീൽ പോകും. പൊതുമുതൽ നശിപ്പിച്ചെന്നതിന് മൊഴി മാത്രമാണുള്ളതെന്നും തകർത്ത വാഹനം ഹാജരാക്കാൻ ആയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകൻ പറയുന്നു.
ഇതിനിടെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണ് കേസിൽ പ്രധാന പ്രതികളെ വെറുതെ വിടാൻ കാരണമായതെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ബഹുഭൂരിപക്ഷം സാക്ഷികളും പ്രതികളെ തിരിച്ചറിയാത്തത് ദുരൂഹമാണെന്നും സിപിഎം നേതാക്കളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ പോകണമെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.
إرسال تعليق