Join News @ Iritty Whats App Group

'പെട്രോൾ ഡീസൽ വില രണ്ടുരൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് പാചകവാതകത്തിന് 50 രൂപ കൂട്ടിയപ്പോൾ മിണ്ടാട്ടമില്ല;' എംവി ഗോവിന്ദൻ


മലപ്പുറം: കേരളത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് കേന്ദ്രസർക്കാർ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടുനീളെ നടന്ന് രണ്ടു രൂപക്കെതിരെ അഭിപ്രായം ചോദിച്ച ചാനലുകൾക്ക് ഇപ്പോൾ ഒന്നും ചോദിക്കാനില്ല. കേരളത്തിലെ 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകാനാണ് സർക്കാർ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നത്. വാങ്ങിത്തുടങ്ങിയിട്ടില്ല. അതേസമയം, 20 രൂപയാണ് കേന്ദ്രത്തിന്റെ സെസ്. 7500 കോടി രൂപ ഓരോ വർഷവും കേരളത്തിൽനിന്ന് കേന്ദ്രം സെസ് പിരിക്കുമ്പോഴും നയാപൈസ കേരളത്തിന് നൽകുന്നില്ല. ഇതിൽ കോൺഗ്രസിനും ലീഗിനും പ്രതിഷേധമില്ല.

‘നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോൾ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് 410 രൂപയായിരുന്നു. ഇനി 1159 രൂപ നൽകണം. സബ്സിഡിയും നിർത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയാണ് ഇപ്പോൾ കൂട്ടിയത്. ഇതിലൊന്നും യുഡിഎഫിന് പ്രതിഷേധമില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടിരിക്കുമ്പോഴും ക്ഷേമ-വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തും. ജനകീയ പ്രതിരോധ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിനാളുകൾ മഹാദുർഗമായി ഈ സർക്കാരിനും എൽഡിഎഫിനും ഒപ്പമുണ്ട്‌ എന്ന് തെളിയിക്കുന്നു’- എം.വി ഗോവിന്ദൻ പറഞ്ഞു.

അർഹരായ ആർക്കും സർട്ടിഫിക്കറ്റുകളുടെ പേരിൽ സാമൂഹ്യസുരക്ഷാ പെൻഷൻ നഷ്ടമാകില്ല. എല്ലാ അർഹർക്കും പെൻഷൻ ലഭിക്കണമെന്നത് സിപിഎമ്മിന്റെ ഉറച്ച നിലപാടാണ്‌. പെൻഷൻ നഷ്ടമാകുമെന്ന പ്രചാരണം തെറ്റാണ്‌. സർട്ടിഫിക്കറ്റ്‌ ഹാജരാക്കാനുള്ള സമയപരിധി നീട്ടിനൽകാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ 62 ലക്ഷം പേർ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്‌. കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക്‌ അംശദായ കുടിശ്ശിക അടച്ച്‌ അംഗത്വം പുനഃസ്ഥാപിക്കാൻ ഒരു മാസംകൂടി അനുവദിച്ച സർക്കാർ നടപടി തൊഴിലാളികൾക്ക്‌ ഏറെ ആശ്വാസമാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group