കുപാംഗ്: പുലര്‍ച്ചെ നാലു മണിയ്ക്ക് കൗമാരക്കാരായ കുട്ടികള്‍ എഴുന്നേറ്റ് തെരുവിലൂടെ നടന്ന് സ്‌കൂളിലേക്ക് പോകുന്നു. 9.30 യ്ക്കും 10 മണിക്കും ക്ലാസ്സുകള്‍ തുടങ്ങുന്ന കേരളത്തില്‍ ഇത്തരമൊരു വാര്‍ത്ത കൗതുകകരമായിരിക്കും. എന്നാല്‍ പറഞ്ഞുവരുന്നത് ഏതെങ്കിലും സയന്‍സ് ഫിക്ഷന്‍ സിനിമയിലെ കാര്യമല്ല. ഇന്തോനേഷ്യയിലെ കീഴക്കന്‍ പ്രവിശ്യയായ ഈസ്റ്റ് നൂസ ടെന്‍ഗാരയുടെ തലസ്ഥാനമായ കുപാംഗിലെ കാര്യമാണ്.
പുലര്‍ച്ചെ 5.30 യ്ക്ക് സ്‌കൂളില്‍ ക്ലാസ്സുകള്‍ തുടങ്ങും. പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ കുപാംഗിലെ 10 ഹൈസ്‌ക്കൂളുകളിലാണ് പുതിയ ടൈം പരീക്ഷിച്ചതോടെ മാതാപിതാക്കളും കുട്ടികളുമെല്ലാം വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഗവര്‍ണര്‍ വിക്ടര്‍ ലെയ്‌സ്‌കോദത്ത് പുതിയ നയം പ്രഖ്യാപിച്ചത്. കുട്ടികളില്‍ അച്ചടക്കം ശക്തിപ്പെടുത്തുന്നുതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.
ഇന്തോനേഷ്യയില്‍ സാധാരണ സ്‌കൂള്‍ സമയം തുടങ്ങുന്നത് രാവിലെ 7 മണിയ്ക്കും 8 മണിയ്ക്കും ഇടയിലാണ്. എന്നാല്‍ പുതിയ സമയക്രമം വന്നതോടെ കഷ്ടപ്പെടുന്നത് മാതാപിതാക്കളാണ്. ഉറക്കപ്രിയരാകുന്ന പ്രായത്തില്‍ കുട്ടികളെ പുലര്‍ച്ചെ നാലുമണിക്ക് ഉണര്‍ത്തി തയ്യാറാക്കുന്നതിനൊപ്പം അവരെ സ്‌കൂളില്‍ കൊണ്ടുവിടുക എന്ന പ്രശ്‌നം കൂടി പലര്‍ക്കും നേരിടുന്നതായിട്ടാണ് പരാതി.
സമയത്ത് സ്‌കൂളില്‍ എത്താന്‍ വെളിച്ചം വീഴും മുമ്പ് ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതെ ഇരുട്ടത്ത് കുട്ടികള്‍ക്ക് ടാക്‌സികാറുകളോ മോട്ടോര്‍ബൈക്കുകളേയോ ഒക്കെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. കുറ്റാക്കൂരിരുട്ടത്ത് കുട്ടികളുടെ സുരക്ഷയെപ്രതി ആശങ്കപ്പെടുന്ന മാതാപിതാക്കളും ഏറെയാണ്. നല്ല ഉറക്കം വരുന്ന സമയത്ത് സ്‌കൂളില്‍ പോകാന്‍ തയ്യാറാകേണ്ടി വരുന്നതിനാല്‍ പല കുട്ടികളും സ്‌കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ തന്നെ ക്ഷീണിതരായി ഉറങ്ങുകയും ചെയ്യുന്നതായി മാതാപിതാക്കള്‍ പറയുന്നു.
മതിയായ ഉറക്കം കിട്ടാതെ വന്നാല്‍ അത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അനാവശ്യമായ മാനസീക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും പലരും ആവലാതിപ്പെടുന്നു. പുതിയ നടപടി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂട്ടുന്നതുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാരും വിമര്‍ശിച്ചിരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത നയം എന്ന് പറഞ്ഞ് സര്‍ക്കാരിനെ പ്രാദേശിക നേതാക്കളും വിമര്‍ശിക്കുന്നുണ്ട്. ക്ലാസ്സുകള്‍ 8.30 യ്ക്ക് തുടങ്ങുന്നത് കുട്ടികള്‍ക്ക് മതിയായി ഉറങ്ങാന്‍ സമയം കിട്ടുമെന്നും പറയുന്നു.
إرسال تعليق