Join News @ Iritty Whats App Group

213 രൂപ വൈദ്യുതി കുടിശിക: വിദ്യാർഥി സംരംഭകന് നഷ്ടം 1.12 ലക്ഷം രൂപ; അറിയിപ്പ് കിട്ടാതെ കണക്ഷൻ വിച്ഛേദിച്ചെന്ന് പരാതി


തിരുവനന്തപുരം: 213 രൂപ വൈദ്യുതി കുടിശികയുടെ പേരിൽ മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിച്ചതോടെ വിദ്യാർഥി സംരഭകന് 1.12 ലക്ഷം രൂപയുടെ നഷ്ടം. ഐസ്ക്രീം പാർലറിന്‍റെ ഫ്യൂസ് ഊരിയതോടെയാണ് തുടർച്ചയായി രണ്ടു ദിവസം കറണ്ടില്ലാതാകുകയും 1.12 ലക്ഷം രൂപയുടെ ഐസ്ക്രീമും കുൽഫിയും നശിച്ചുപോയത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം രണ്ട് മാസം മുമ്പ് ഐസ്‌ക്രീം പാർലർ തുടങ്ങിയ തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും പതിനെട്ടുകാരനുമായ രോഹിത് എബ്രഹാം എന്ന സംരഭകനാണ് ഈ നഷ്ടം സംഭവിച്ചത്.

അടഞ്ഞു കിടക്കുകയായിരുന്ന കടയാണ് ഐസ്ക്രീം പാർലർ തുടങ്ങാൻവേണ്ടി രോഹിത് രണ്ടുമാസം മുമ്പ് വാടകയ്ക്കെടുത്തത്. എന്നാൽ ഈ സമയത്ത് വൈദ്യുതി കുടിശിക ഉള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് രോഹിത് പറയുന്നു. കുടിശികയുള്ളതായി അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കടയുടമയും വ്യക്തമാക്കുന്നു. എന്നാൽ കട മുമ്പ് വാടകയ്ക്ക് എടുത്തിരുന്നയാളാണ് കുടിശിക വരുത്തിയതെന്നും, ഇയാളുടെ ഫോണിലേക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം അയച്ചതാണെന്നുമാണ് കെഎസ്ഇബിയുടെ വാദം.

കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് ആശ്രാമം സെക്ഷൻ ഓഫീസിലെ ജീവനക്കാർ എത്തി ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസൂരിയത്. പതിനൊന്നു മണിയോടെ കട തുറന്നപ്പോൾ സമീപമുളള കടകളിൽ വൈദ്യുതിയുണ്ടായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ ഇലക‌്‌ട്രീഷ്യനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. ഒടുവിൽ ഇലക്ട്രീഷ്യൻ വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ അടുത്ത ദിവസം ദിവസം രാവിലെയും വൈദ്യുതി ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോഴാണ് മീറ്റർ ബോക്‌സ് കെ.എസ്.ഇ.ബി സീൽ ചെയ്‌തതായി കണ്ടത്. തുടർന്ന്,കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്, 213 രൂപ കുടിശികയുള്ളതിനാൽ ഫ്യൂസ് ഊരിയതാണെന്ന് അറിയിച്ചത്.

ഉടൻതന്നെ രോഹിത് ഗൂഗിൾപേയിലൂടെ പണമടച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും, പാർലറിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 1.12 ലക്ഷം രൂപയുടെ ഐസ്ക്രീമും കുൽഫിയും ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ നശിച്ചുപോയിരുന്നു. ഇതിന് പിന്നാലെ രോഹിത് വൈദ്യുതിമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അന്വേഷിച്ച് നടപടി എടുക്കാമെന്നുമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

പഠനത്തോടൊപ്പം സംരംഭമെന്ന നിലയിലാണ് പാർലറുകൾ ആരംഭിച്ചതെന്ന് രോഹിത് പറയുന്നു. എന്നാൽ തനിക്ക് ഉണ്ടായ അനുഭവം യുവസംരംഭകരെ തളർത്തുന്ന നടപടിയാണെന്ന് രോഹിത് പറയുന്നു. മാതാപിതാക്കൾ നൽകിയ പണം ഉപയോഗിച്ചാണ് ബംഗളുരു ക്രൈസ്റ്റ് കോളേജ് വിദ്യാർഥിയായ രോഹിത് വഴുതക്കാട്ട് അമ്മയുടെ കഫെയോട് ചേർന്ന് ഐസ്ക്രീം പാർലർ തുടങ്ങിയത്. സംരഭം വൻ വിജയമായതോടെ വർക്കലയിലും കൊല്ലത്തുമായി രണ്ടു ശാഖകൾ കൂടി തുടങ്ങുകയായിരുന്നു. അതിനിടെയാണ് കൊല്ലത്തെ പാർലറിന്‍റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് 1.12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group