Join News @ Iritty Whats App Group

137 രൂപ, 138 രൂപ ചലഞ്ച്; ഒടുവിൽ ആ വലിയ ലക്ഷ്യം കൈവരിച്ച് കെപിസിസി, സന്തോഷമെന്ന് കെ സുധാകരൻ


തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്. കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചിലൂടെയും 138 രൂപ ചലഞ്ചിലൂടെ പ്രവര്‍ത്തകരിൽ നിന്ന് സമാഹരിച്ച തുകയും കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാന രീതിയിൽ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്.

കെപിസിസിയുടെ അടുത്ത ലക്ഷ്യം ഈ സ്ഥാപനങ്ങളെ കടബാധ്യതയിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത നാളില്‍ ഏതാണ്ട് 3.5 കോടിയുടെ വലിയ ബാധ്യതയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന് ഉണ്ടായിരുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. അന്ന് മുതല്‍ ആ കടബാധ്യതയില്‍ നിന്ന് ഈ സ്ഥാപനത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഈ ഉദ്യമം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അവരുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ആവോളം ലഭിച്ചു. കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 137 -ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആരംഭിച്ച 137 രൂപ ചലഞ്ചും തുടര്‍ന്ന് ഈ വര്‍ഷത്തെ 138 രൂപ ചലഞ്ചിലൂടെ പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുകയും കൊണ്ടാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിനെ ഒരു രൂപപോലും സാമ്പത്തിക ബാധ്യതയില്ലാത്ത സ്ഥാപനമാക്കി മാറ്റിയത്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനങ്ങളായ വീക്ഷണവും ജയ്ഹിന്ദും സമാനരീതിയില്‍ സാമ്പത്തിക ബാധ്യത നേരിടുന്നവയാണ്. കെപിസിസിയുടെ അടുത്ത ലക്ഷ്യം അവയെ കടബാധ്യതകളില്‍ നിന്നും മോചിപ്പിക്കുക എന്നതാണ്. ആധുനിക രീതിയിലുള്ള പത്രവും ചാനലും കോണ്‍ഗ്രസിന് സ്വന്തമാക്കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ്.

ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അനായാസം അത് സാധ്യമാകും. അതിനായി നിങ്ങളരോരുത്തരുടെയും സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിച്ചാല്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ സാധിക്കും. അതിന് തെളിവാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസീന്‍റെ കടബാധ്യത നമുക്ക് തീര്‍ക്കാനായതെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group