Join News @ Iritty Whats App Group

യൂട്യൂബറാകേണ്ട! സർക്കാർ ജീവനക്കാർ യുട്യൂബ് ചാനല്‍ തുടങ്ങാൻ പാടില്ല: ഉത്തരവ്


തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ആളുകൾ ചാനൽ സബ്ക്രൈബ് ചെയ്യുമ്പോള്‍ അതിൽ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഒരു അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

ഇന്‍റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്സ്ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്.

ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. അതിനാല്‍ നിലവിലെ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ ഉത്തരവ് വിശദമാക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.

നിലവിൽ സർക്കാർ ജീവനക്കാരായ ചിലർ യൂട്യൂബ് ചാനൽ നടത്തുകയും ഇവരുടെ ചില വീഡിയോകൾ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കർശന നിലപാടെടുത്തത് എന്നാണ് സൂചന.

Post a Comment

أحدث أقدم
Join Our Whats App Group