Join News @ Iritty Whats App Group

'പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമം, അപ്രഖ്യാപിത സാമ്പത്തിക ഉപരോധവും'; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

കൊല്ലം : പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു. ഗവർണർ സ്ഥാനം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലനിൽപ്പ് പോലും ഭീഷണിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്. കോടതി വിധിയുടെ മറവിൽ യൂണിവേഴ്സിറ്റികളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്. ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഉള്ള ശ്രമം നടക്കുന്നു. കേരള വികസനത്തിന്റെ ചുക്കാൻ പിടിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങൾ മൊത്തം ഉല്പാദനത്തിന്റെ 3% കടമെടുക്കാവൂ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കടമെടുപ്പിൽ കേന്ദ്രസർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും പിണറായി ആഞ്ഞടിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group