പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേൽപ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെ ആണ് ബിഷറുൽ ഹാഫി ആക്രമിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയലക്കിടിയിൽ കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ 25 കാരിയായ സക്കീറ, 23 കാരിയായ റിൻസീന, 22 കാരിയായ അനീറ എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രേമനൈരാശ്യം കളിയാക്കിയതിന്‍റെ ദേഷ്യത്തിലായിരുന്നു യുവതികൾക്ക് നേരെ അക്രമം നടന്നതെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ റിൻസീനയുടെ സഹോദരനും സക്കീറയുടെയും അനീറയുടെയും ഭർതൃസഹോദരനുമായ 22 കാരൻ ബിഷറുൽ ഹാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയിൽ തുന്നലുകളുണ്ട്. റിൻസീനയുടെ തലയിലെ പരിക്കുകൾ ഗുരുതരമാണ്. അനീറയും സക്കീറയും ഗർഭിണികളുമാണ്. യുവതികളെ ആക്രമിച്ച
ബിഷറുൽ ഹാഫിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
ബിഷറുലിന്‍റെ പ്രേമം തകർന്നത് കളിയാക്കിയതിന്‍റെ ദേഷ്യത്തിൽ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികൾ പൊലീസിന് നൽകിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റിൻസീനക്ക് തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് 2 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
إرسال تعليق