Join News @ Iritty Whats App Group

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കാൻ കേന്ദ്രം; ഇളവ് തേടി കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കാൻ കേന്ദ്ര സർക്കാർ. ഇക്കാര്യം നിർബന്ധമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കത്തയച്ചു. പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍ കോഴ്സ് പ്രത്യേകമായി രൂപകല്‍പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂര്‍ത്തിയായശേഷമേ നടത്താവൂ എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മാധ്യമം ദിനപത്രത്തോട് പറഞ്ഞു. ആവശ്യമായ പരിശോധന നടത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തിൽ ഇത് നടപ്പാക്കാൻ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് ഇതിൽനിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിർബന്ധമാക്കാൻ നിർദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം നടപ്പാക്കണമെന്നു വ്യക്തമാക്കി ഫെബ്രുവരി ഒമ്ബതിനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ അനുസരിച്ച്‌ ആദ്യ അഞ്ചുവര്‍ഷം(മൂന്നുമുതല്‍ എട്ടുവയസ്സ് വരെ) അടിസ്ഥാന ശിക്ഷണ കാലമാണ്.

ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്സറി, എല്‍.കെ.ജി, യു.കെ.ജി). തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍ കോഴ്സ് എസ്‌.സി.ഇ.ആര്‍.ടി രൂപകല്‍പന ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group