ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്‍സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്റ്റ് സ്റ്റോപ്പിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവ സ്ഥലത്തുവെച്ചതന്നെ മരിച്ചതായാണ് വിവരം. ആതിരയ്ക്ക് ഒപ്പമുള്ള രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഒരു മദ്ധ്യവയസ്‍കനും നിസാര പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെസ്റ്റ്‍ യോര്‍ക്ക്ഷെയര്‍ പൊലീസ് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം ബ്രാഡ്‍ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലീഡ്‍സിലെ ബെക്കറ്റ് യൂണിവേഴ്‍സിറ്റിയില്‍ പ്രൊജക്ട് മാനേജ്‍മെന്റ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആതിര. പഠനത്തിനായി ഒരു മാസം മുമ്പ് മാത്രമാണ് യുകെയില്‍ എത്തിയത്. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. ഒരു മകളുണ്ട്.
إرسال تعليق