Join News @ Iritty Whats App Group

അച്ഛന് കരൾ പകുത്തു നല്‍കി ദേവനന്ദ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി

ആലുവ: നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണു പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗരിരി ആശുപത്രി അധികൃതർ പറഞ്ഞു.

ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് അച്ഛന്റെ കരളായി ദേവനന്ദ മാറിയത്. ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ വിദഗ്ധന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തില്‍ ഒന്‍പതാം തീയതിയായിരുന്നു ശസ്ത്രക്രിയ.

തൃശൂരിൽ കോഫി ഷോപ് നടത്തിയിരുന്ന കോലഴി സ്വദേശിയായ പി.ജി. പ്രതീഷിന്റെ (48) ജീവിതത്തിലേക്കു കാലിലൂടെയാണ രോഗം എത്തിയത്. കാലിൽ ഇടയ്ക്കിടെ നീര് വരുന്നു. പരിശോധനയിൽ കരളിൽ കാൻസർ കണ്ടെത്തി. കരൾ മാറ്റിവയ്ക്കാതെ മാർഗമില്ല. ഇതോടെ ദാതാവിനെ തേടിയെങ്കിലും കിട്ടിയില്ല. മറ്റ് മാർഗമില്ലാതെ വന്നതോടെ ദേവനന്ദ തന്നെ കരൾ പകുത്തു നൽകാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയാകാത്തത് അവയവദാനത്തിന് തടസ്സമായതിനാല്‍ ഇളവുതേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവനന്ദയെ അഭിനന്ദിക്കുന്നതായും ഇതുപോലെയുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാണെന്നും വിധിന്യായത്തിൽ പറഞ്ഞുകൊണ്ട് ഹൈക്കോടതി അനുമതി നല്‍കികൊണ്ട് മകളുടെ സ്നേഹത്തിന് മുന്നില്‍ വഴിമാറി.

ദേവനന്ദയുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തുകൊണ്ടായിരുന്നു ആശുപത്രിയുടെ ആദരം. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ദേവനന്ദയ്ക്ക് മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയാണ്.

Post a Comment

أحدث أقدم
Join Our Whats App Group