Join News @ Iritty Whats App Group

കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി ഗ്രൂപ്പ് വിസ ലഭിക്കും


അബുദാബി: കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം.

യുഎഇയിലെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് സ്‍മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാവുന്ന 15 സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി അറിച്ചാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. 60 ദിവസും 180 ദിവസവും കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളായിരിക്കും ഗ്രൂപ്പ് വിസകളായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്. ഗ്രൂപ്പ് വിസ അനുവദിച്ചു തുടങ്ങുന്നതോടെ പ്രവാസികള്‍ക്കും ഗുണകരമാവും.

ഇതിന് പുറമെ 90 ദിവസത്തെ സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് 1000 ദിര്‍ഹം ഫീസ് അടച്ച് 30 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാനാവും. ഇതിന് രാജ്യം വിട്ട് പോകേണ്ടതില്ല. എന്നാല്‍ രാജ്യം വിട്ട് പുറത്തുപോയ ശേഷം മറ്റൊരു വിസയില്‍ മടങ്ങിയെത്തിയാല്‍ രണ്ടോ മൂന്നോ മാസം പിന്നെയും യുഎഇയില്‍ താമസിക്കാമെന്നതിനാല്‍ അധികപേരും ഇതാണ് തെരഞ്ഞെടുക്കുന്നത്. 

യുഎഇയില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെയും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും മക്കളെയും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ 90 ദിവസം കാലാവധിയുള്ള വിസയെടുത്ത് യുഎഇയിലേക്ക് കൊണ്ടുവരാനും പുതിയ പരിഷ്കാരത്തില്‍ വ്യവസ്ഥയുണ്ട്. വ്യക്തിഗത വിസ ലഭിക്കാന്‍ പ്രവാസിക്ക് 8000 ദിര്‍ഹമെങ്കിലും പ്രതിമാസ ശമ്പളമുണ്ടായിരിക്കണം. സ്വന്തം പേരില്‍ കെട്ടിട വാടക കരാര്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group