Join News @ Iritty Whats App Group

ഭക്ഷ്യ സുരക്ഷ:ക്ഷമ വേണം സമയം എടുക്കും; ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിനുള്ള സമയം വീണ്ടും നീട്ടി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെ ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടി നല്‍കുന്നത്.

ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു കഴിഞ്ഞതായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വിലയിരുത്തല്‍. ശേഷിക്കുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം നീട്ടി നല്‍കിയത്.

കേരളത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഇതിന് ആവശ്യം.

ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം. വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിന് രക്തപരിശോധന അടക്കമുള്ള ടെസ്റ്റുകളും നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഒരുവര്‍ഷമാകും ഇതിന്‍റെ കാലാവധി.

Post a Comment

أحدث أقدم
Join Our Whats App Group