ഇരിട്ടി: കർശന പരിശോധനയും നടപടികളുമായി ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും ബെട്ടോളി പഞ്ചായത്ത് അധികാരികളും രംഗത്തെത്തിയിട്ടും മാക്കൂട്ടം വനമേഖലയിൽ മാലിന്യം തള്ളുന്നതിന് ശമനമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം തള്ളുന്നതിനിടെ നിരവധി വാഹനങ്ങൾ പിടികൂടി നടപടികൾ എടുത്തതിന് പിന്നാലെ ഞായറാഴ്ചയും രണ്ടു വാഹനങ്ങൾ അധികൃതർ പിടികൂടി പിഴ ഈടാക്കി.
ഞായറാഴ്ച പുലർച്ചയോടെയാണ് വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ കേരളാ രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങൾ മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതർ വീണ്ടും പിടികൂടിയത്. പതിനായിരം രൂപവീതം ഇവരിൽ നിന്നും പിഴ ഈടാക്കി. കണ്ണൂർ ജില്ലയിലെ വിവിധ ടൗണുകളിൽ നിന്നും എത്തിക്കുന്ന അറവ് മാലിന്യങ്ങളും വിവാഹം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങളുമടക്കമാണ് മാക്കൂട്ടം ചുരം പാതയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലകളിൽ കൊണ്ടുപോയി തള്ളുന്നത്. വന്യജീവി സങ്കേതം അധികൃതർ ഇത്തരം വാഹനങ്ങൾ പിടികൂടി നടപടികൾ തുടരുമ്പോഴും തുടർച്ചയായി വീണ്ടും മാലിന്യം തള്ളൽ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കർശനമായ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങാനാണ് കുടക് ജില്ലാ ഭരണകൂടവും ആലോചിക്കുന്നത്.
إرسال تعليق