മക്കൾക്കു സമ്മാനമായി വാങ്ങിയ പട്ടിക്കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം. ചെന്നൈയിലെ അമ്പട്ടൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ കെ ദീപൻ (28) ആണ് മരിച്ചത്.
കുട്ടികൾക്കു വേണ്ടി പട്ടിക്കുഞ്ഞുമായി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബൈക്കിൽ നിന്ന് പട്ടി റോഡിലേക്ക് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ദീപൻ അപകടത്തിൽ പെടുകയായിരുന്നു.
പട്ടിക്കുഞ്ഞിനെ സ്കൂട്ടറിന്റെ ഫ്ലോർബോർഡിലാണ് ദീപൻ വെച്ചിരുന്നത്. കള്ളിക്കുപ്പത്തിന് സമീപത്തുവെച്ച് സ്കൂട്ടറിൽ നിന്ന് പട്ടിക്കുഞ്ഞ് തെഞ്ഞിപ്പോകുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. പട്ടിക്കുഞ്ഞിനെ രക്ഷിച്ചെങ്കിലും സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പട്ടൂരിൽ ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നു വീണ പട്ടിയെ ഒരു കൈകൊണ്ട് രക്ഷിക്കുന്നതിനടിയിൽ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടമുണ്ടായപ്പോൾ പട്ടി ചാടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ദീപനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പൊഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അമ്പട്ടൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു ദീപൻ. ഇവിടെ വെച്ചാണ് പട്ടിക്കുഞ്ഞിനെ കണ്ടത്. മക്കൾക്ക് സമ്മാനമായി നൽകാമെന്ന് പറഞ്ഞ് പട്ടിയേയും എടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഭാര്യയും രണ്ട് മക്കളുമാണ് ദീപനുള്ളത്.
إرسال تعليق