കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച സംഘത്തിൽ നിന്നും ഭീഷണി തുടരുകയാണെന്ന് പെൺകുട്ടിയുടെ അമ്മ. മകളെ നിയന്ത്രിക്കാൻ തുടങ്ങിയതു മുതൽ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
ലഹരിമരുന്ന് മാഫിയയുടെ വലയിൽ അകപ്പെട്ട പെൺകുട്ടി നിലവിൽ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകൾ തിരിച്ചു വന്നാൽ വീണ്ടും മയക്കുമരുന്ന് നൽകാൻ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ട്. മകളുടെ കൂടെ തങ്ങൾ നടക്കുമ്പോൾ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്.
ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച് പുറത്തറിഞ്ഞത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നുമായിരുന്നു ഒൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴിയിൽ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. 25 പേർ അടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചെന്നും ശരീരത്തിൽ പ്രത്യേക രീതിയിലുളള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരി കടത്തുന്നതെന്നും 13കാരി വെളിപ്പെടുത്തിയിരുന്നു.
കേസിൽ വിദ്യാർത്ഥിനിയുടെ കൂടെ പഠിക്കുന്ന നാല് കുട്ടികളെ കൂടി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൂടുതൽ പേരെ ക്യാരിയറായി ഉപയോഗിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
إرسال تعليق