തിരുവനന്തപുരം : ഇന്ധന സെസ് വർധനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു . മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തന്നെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു.
ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തി. പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ ചോദ്യോത്തര വേള ഭാഗികമായി റദ്ദാക്കി .സബ് മിഷനും ശ്രദ്ധ ക്ഷണിക്കൽ മറുപടിയും മേശപ്പുറത്ത് വച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുകയായിരുന്നു . ഇനി 27ന് മാത്രമേ സഭ സമ്മേളനം ഉള്ളു.
സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശക്തമായ പ്രതിഷേധം തുടരും. പ്രതിഷേധം ഉയർന്നാൽ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്യുന്നതാണ് പതിവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
إرسال تعليق