കൊല്ലം: അജ്ഞാതനായ അക്രമിയുടെ കയ്യിൽ നിന്നു ജീവൻ തിരികെക്കിട്ടിയെന്ന് വിശ്വാസിക്കാനായിട്ടില്ല തെങ്കാശിക്കു സമീപം പാവൂർ സത്രം റെയിൽവേ ഗേറ്റിൽ പീഡനശ്രമത്തിനിരയായ വനിതാ ഗേറ്റ് കീപ്പറിന്. ഇനി ജോലിക്ക് തിരികെ പോകാൻ വയ്യെന്ന തീരുമാനത്തിലാണ്. ആഗ്രഹിച്ച് നേടിയ ജോലിയായിട്ടും ഇനിയും ആക്രമിക്കപ്പെടുമോ എന്ന ആശങ്കയില്‍ സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് അവർ.
‘ആ മുറിയിൽ നിന്നു പുറത്തു വന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. മരിച്ചു പോകും എന്ന് തന്നെയാണ് കരുതിയത്. പീഡനശ്രമം നടക്കാതെ വന്നപ്പോൾ എന്നെ കൊല്ലാനായിരുന്നു അയാളുടെ പദ്ധതി’. ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ ശേഷം ഭക്ഷണം കഴിച്ച് പാത്രം കഴുകി ഞാൻ മുറി വൃത്തിയാക്കി. വാതിലിന്റെ ഒരു പാളി ആ സമയത്ത് അടച്ചിരുന്നില്ല. തിരിഞ്ഞു നിന്ന് ഫോണിൽ സംസാരിക്കുമ്പോഴാണ് അക്രമി അകത്തു കയറിയത്. ഏതാണ്ട് എട്ടേമുക്കാൽ ആയിട്ടുണ്ടാവണം.
അയാളെന്നെ തള്ളി നിലത്തു വീഴ്ത്തിയ ശേഷം ചവിട്ടി. പണവും ആഭരണവും തരാം ഉപദ്രവിക്കരുത് എന്ന് കെഞ്ചി പറഞ്ഞപ്പോൾ റേപ്പ് ചെയ്യാൻ തന്നെയാണ് വന്നതെന്ന് തമിഴിൽ പറഞ്ഞു. ലാൻഡ് ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചു വാങ്ങി തലയിൽ ശക്തിയായി ഇടിച്ചു. മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലും ജനൽച്ചില്ലിലും ഇടിച്ചു. വാ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. കൊല്ലുമെന്ന് പറഞ്ഞു. മൽപ്പിടിത്തതിനൊടുവിൽ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ചു വലിച്ചു. മുടി പിഴുത് പോയാലും പുറത്തെത്തണേ എന്നായിരുന്നു ആ സമയത്ത് മനസ്സിൽ.
മുറിയിൽ നിന്നു പുറത്തേക്ക് ഞാൻ ഉരുണ്ടു വീഴുകയായിരുന്നു. എങ്ങനെയോ റോഡിലെത്തി. പറഞ്ഞു കേട്ട് ആളുകൾ വന്നപ്പോഴേക്കും അയാൾ കടന്നുകളഞ്ഞിരുന്നു. ഫോൺ തകർത്തപ്പോൾ കുറേനേരം എന്നെ ഫോണിൽ കിട്ടാതായാൽ സ്റ്റേഷനിൽ നിന്ന് അന്വേഷിച്ച് വരുമെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. 12.30ന്റെ ട്രെയിൻ വരും വരെ ആരും തിരക്കില്ലെന്നും കൊന്നാൽ പോലും ആരുമറിയില്ലെന്നുമായിരുന്നു മറുപടി. ഇവിടെ ക്യാമറ ഇല്ലെന്നും അയാൾക്കറിയാം. കൃത്യമായി നിരീക്ഷിക്കുന്ന ആരോ ആണ് ആക്രമി എന്നുറപ്പാണ്.
ശുചിമുറിയുടെ സമീപത്ത് ലൈറ്റില്ലാത്തതിനാൽ നേരമിരുട്ടിയാൽ പുറത്തേക്ക് ഇറങ്ങാറില്ല. ഹൈവേയുടെ അടുത്തായതിനാൽ ഇങ്ങനെയൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന പാതയുടെ ഇത്രയടുത്ത് രാത്രി എട്ടേമുക്കാലിന് പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ എങ്ങനെ ജോലി ചെയ്യും.. ? റൂമിൽ പരിശോധന നടത്താനോ തെളിവുകൾ ശേഖരിക്കാനോ പൊലീസ് തയാറായിട്ടില്ല എന്നും ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. തമിഴ്നാട് റെയിൽവേ പൊലീസും ആർപിഎഫും തമിഴ്നാട് ലോക്കൽ പൊലീസും പ്രത്യേകമായിട്ടാണ് അന്വേഷണം നടത്തുന്നത്.
പൊലീസ് സംഘങ്ങൾ അപകടത്തിൽ പരുക്കേറ്റ യുവതിയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ലെവൽ ക്രോസിനോട് ചേർന്ന് മേൽപാലം പണി നടക്കുന്നുണ്ട്. ഈ പണിക്കായി എത്തിയ അതിഥിതൊഴിലാളികളെ ചോദ്യം ചെയ്തു വരുന്നു. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് എത്തി വിവരം ശേഖരിച്ചു കഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ 4 വാഹനങ്ങൾ കടന്നുപോകുന്ന ലെവൽ ക്രോസിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നത് നാട്ടുകാരെയും റെയിൽവേ ജീവനക്കാരിരെയും ആശങ്കയിലാക്കുകയാണ്.
إرسال تعليق