ഇരിങ്ങാലക്കുട: എല്ലാം മറന്ന് തന്നെ ജീവനു തുല്യം സ്നേഹിച്ച ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. അപകടത്തിൽ ശരീരം തളർന്നു ജീവിതം വീൽചെയറിലായ പ്രണവ് (31) ഇന്നലെ മരണത്തിനു കീഴടങ്ങി.
ഇരിങ്ങാലക്കുട താഴേക്കാട് കണ്ണിക്കര സ്വദേശി മണപറന്പിൽ സുരേഷ്ബാബുവിന്റെ മകനാണ് പ്രണവ്. ഇന്നലെ രാവിലെ രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് അവശനാവുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവിനു താങ്ങും തണലുമാകാനെത്തിയ ഷഹാന ഇതോടെ തനിച്ചായി.
2020 മാർച്ച് മൂന്നിനാണു പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിതസഖിയാക്കിയത്.
സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഇതിനായി ഒട്ടേറെ എതിർപ്പുകൾ മറികടക്കേണ്ടിവന്നു ഷഹാനയ്ക്ക്.
ബികോം വിദ്യാർഥിയായിരിക്കേ 2014 ൽ കുതിരത്തടം പൂന്തോപ്പിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണു പ്രണവിന്റെ ശരീരം തളർന്നത്.
വീൽചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടിൽ കഴിയാൻ പ്രണവ് തയാറായിരുന്നില്ല.
അടുത്ത സുഹൃത്തുക്കളാണ് വർഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി.
വീൽചെയറിലിരുന്ന് ഉത്സവമേളം ആസ്വദിക്കുന്ന പ്രണവിന്റെ വീഡിയോകൾ ഫേസ്ബുക്കിൽ വൈറലായിരുന്നു. ഇതുകണ്ടാണ് തിരുവന്തപുരം പള്ളിക്കൽ സ്വദേശി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.
അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോകളും ഷഹാനയെ പ്രണവിലേക്ക് അടുപ്പിച്ചു.
ഫേസ്ബുക്കിൽനിന്ന് ഫോണ് നന്പറെടുത്തു ഷഹാന പ്രണവിനെ വിളിച്ചു. കുറച്ചുനാൾ സംസാരിച്ചതോടെ ഷഹാന ഇഷ്ടം അറിയിച്ചു. വിവാഹം കഴിക്കാൻ തയാറാണെന്ന കാര്യവും.
വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അതിനു ശ്രമിക്കുന്തോറും ഷഹാനയുടെ ഇഷ്ടംകൂടി.
മറ്റൊരു കാമുകി ഉണ്ടെന്നു സുഹൃത്തിനെക്കൊണ്ട ് പറയിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഷഹാന പ്രണവിന്റെ സഖിയായി. പിന്നീട് ഇവർ പ്രണവ് ഷഹാന എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
ശരീരം തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടക്കും. അമ്മ- സുനിത, സഹോദരി-ആതിര.
Post a Comment