കോട്ടയം: ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്തയാൾ ടോയ്ലറ്റിൽ പോകാനായി എഴുന്നേറ്റപ്പോൾ അബദ്ധത്തിൽ പിടിച്ചത് അപായച്ചങ്ങലയിൽ. ഇന്നലെ രാവിലെ എട്ടു മണിയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. തുടർന്ന് പത്തുമിനിറ്റോളം ട്രെയിൻ പിടിച്ചിടേണ്ടി വന്നു. ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്.
ഭിന്നശേഷിക്കാരനായ ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയിൽവേ സുരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. തുടർന്ന് പുറത്തിറക്കി ചോദ്യം ചെയ്തു.
ടോയ്ലറ്റിലേക്ക് പോകാനായി എഴുന്നേറ്റപ്പോൾ വീഴാതിരിക്കാൻ അബദ്ധത്തിൽ പിടിച്ചത് അപായച്ചങ്ങലയിലാണെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും സംഭവത്തില്‍ കേസെടുത്തില്ല.
إرسال تعليق