Join News @ Iritty Whats App Group

ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് കൃഷി വകുപ്പ് അയച്ച കർഷകരിൽ ഒരാളെ കാണാതായി; കാണാതായത് ഇരിട്ടി സ്വദേശിയെ



തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് കാണാതായത്. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി കാണാതായത്. ആധുനിക കൃഷിരീതി പരിശീലനത്തിനായാണ് 27 കർഷകരെ ഇസ്രയേലിൽ അയച്ചിരുന്നത്.

രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാനായി കാത്തു നിന്ന ബസിന് സമീപത്ത് ബിജു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങടക്കം പരിശോധിച്ചു. കൈയിൽ പാസ്പോർട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

സഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇയാൾക്കായി ഇസ്രയേൽ പൊലീസ് ആശുപത്രികളിലും മാളുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിലേക്കുള്ള ടിക്കറ്റിന്റെ പണം ബിജു നൽകിയിരുന്നെങ്കിലും വിസ സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.

മേയ് എട്ടുവരെയാണ് വിസ കലാവധി. സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കില്‍ വിസ റദ്ദാവുകയും ഇസ്രയേൽ അധികൃതർക്ക് തടഞ്ഞുവെക്കാനും കഴിയും. കാണാതായ ബിജുവിനായി ഇസ്രയേൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. ബിജുവിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മാസം 11ന് ശേഷം ബിജു വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. കൂടാതെ 16ന് ശേഷം മുറിയിലുണ്ടായിരുന്നയാളോടൊ ടീം ലീഡറുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും പറയുന്നു.

ഹെര്‍സ്ലിയന്‍ സിറ്റി സെന്ററിലേക്ക് ബിജുവിനെ പോലെ സാദൃശ്യമുള്ള ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ മാസം 12 നാണ് 27 കർഷകർ അടങ്ങുന്ന പരീശീലന സംഘം ഇസ്രയേലിൽ എത്തിയത്. ഇന്ന് മടങ്ങിയെത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group