ആലപ്പുഴ: വീട്ടിൽ മുറ്റം അടിച്ചുവാരുന്നതിനിടെ പാമ്പു കടിച്ച് വീട്ടമ്മയ്ക്ക് രക്ഷയായത് വളർത്തുനായ. പൂച്ച മാന്തിയതാണെന്ന് കരുതിയിരുന്ന വീട്ടമ്മയ്ക്ക് കടിച്ചത് മൂർഖൻ പാമ്പാണെന്ന് കാട്ടിക്കൊടുത്തത് വളർത്തുനായ ജൂലി ആയിരുന്നു. അമ്പലപ്പുഴയിലാണ് സംഭവം. ആയാപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ വിശ്വകുമാരിയ്ക്കാണ് പാമ്പുകടിയേറ്റത്. ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചു. ഐസിയുവിൽ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് മുറ്റമടിക്കുന്നതിനിടെ വിശ്വകുമാരിയെ മൂർഖൻ പാമ്പ് കടിച്ചത്. വീട്ടുമുറ്റത്തെ താമര വളർത്തുന്ന ടാങ്കിനടിയിലെ കല്ലുകൾ അടുക്കിവെച്ചപ്പോഴാണ് വിരലിൽ കടിയേറ്റത്. മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലിൽ ഉണ്ടായിരുന്നത്. വേദന അനുഭവപ്പെട്ടതുമില്ല. പിന്നീടാണ് ഇത് ശ്രദ്ധിച്ചത്. പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി.
അതിനിടെയാണ് താമര വളർത്തുന്ന ടാങ്കിന്റെ കല്ലുകൾക്കിടയിൽ ഇരുന്ന മൂർഖൻ പാമ്പിനെ വീട്ടിൽ വളർത്തുന്ന നായ ജൂലി കണ്ടെത്തിയത്. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തിൽ കുരച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോൾ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയയാണ് വിശ്വകുമാരി കണ്ടത്. ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് വിശ്വകുമാരിക്ക് മനസിലായത്.
ഇതോടെ വിശ്വകുമാരിയുടെ ബഹളംകേട്ട് ഓടിയെത്തിയ മകളും സുഹൃത്തുക്കളും ചേർന്ന് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉടൻ തന്നെ പാമ്പിൻവിഷത്തിനെതിരായ മരുന്ന് എടുക്കാനായത് രക്ഷയായി. ഐസിയുവിൽ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. പാമ്പുകടിയേറ്റ് ഒരു മണിക്കൂറിനിടെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് വിശ്വകുമാരിയുടെ ജീവൻ രക്ഷിക്കാനായത്.
അതിനിടെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ മൂർഖൻ പാമ്പിനെ തല്ലിക്കൊന്നു. പുറക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി സി മധുവാണ് വിശ്വകുമാരിയുടെ ഭർത്താവ്. വിശാൽ മകനാണ്.
إرسال تعليق