തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കള്ളപ്പണ കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഒരിടവേളക്ക് ശേഷം ലൈഫ് കോഴക്കേസ് സജീവമായി സർക്കാറിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ അറസ്റ്റ് സർക്കാറിന് തിരിച്ചടിയല്ലെന്നും ദേശീയ അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. അതേ സമയം കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയതിന്റെ ആശ്വാസത്തിലാണ് ബിജെപി.
'കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ എന്ന് ചോദിച്ചവർക്ക് ഉത്തരമായെന്ന് കരുതുന്നു'; വി. മുരളീധരന്‍
ഒരുവശത്ത് ദേശീയ അന്വേഷണ ഏജൻസികൾക്ക് തടയിടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് പാവങ്ങൾക്കുള്ള വീട് നിഷേധിക്കുന്നുവെന്ന പ്രതിരോധം ഉയർത്തിയായിരുന്നു സർക്കാറും എൽഡിഎഫും ലൈഫ് കോഴയെ നേരിട്ടത്. വിവാദങ്ങൾ പലതുണ്ടായെങ്കിലും ദേശീയ ഏജൻസികളുടെ അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ഈ ഘട്ടത്തിലാണ് എം ശിവശങ്കറിൻറെ അറസ്റ്റ്. രാഷ്ട്രീയ ചർച്ചകൾ ലൈഫിലേക്കും സ്വർണ്ണക്കടത്തിലേക്കും തിരിയുകയാണ്. ഈ സമയത്തും കേന്ദ്ര അന്വേഷണ ഏജൻസികളെ വിമർശിച്ച് തന്നെ വീണ്ടും വിവാദത്തെ എൽഡിഎഫ് നേരിടുകയാണ്.
ശിവശങ്കർ സർവ്വീസിൽ നിന്നും വിരമിച്ചെങ്കിലും എല്ലാ കാലത്തും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് നൽകിയ അകമഴിഞ്ഞ പിന്തുണ എതിർ ചേരി വീണ്ടും ആയുധമാക്കുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിൻറെ നീക്കങ്ങളെല്ലാം. എം ശിവശങ്കറിനെ കാനം കാര്യമായി പിന്തുണച്ചില്ല. എങ്കിലും അന്വേഷണ ഏജൻസികളുടെ അടുത്ത നീക്കത്തിൽ സർക്കാറിനും എൽഡിഎഫിനും ആശങ്കയേറെയുണ്ട്. അന്വേഷണം എന്താകുമെന്ന് പറയാനാകാത്ത സ്ഥിതി ആവർത്തിക്കും എന്നതിനാൽ സിപിഎം - ബിജെപി ഒത്ത് തീർപ്പ് വീണ്ടും കോൺഗ്രസ് ഉന്നയിക്കുന്നു. ആവിയായ കേന്ദ്ര ഏജൻസി അന്വേഷണത്തിൽ പഴികേട്ട് മടുത്ത ബിജെപി ശിവശങ്കറിൻറെ അറസ്റ്റ് വലിയ ആശ്വാസമായി.
إرسال تعليق