പനാജി: വീട്ടുകാരെ അറിയിക്കാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തിയ പ്രണയിനികൾ കടലിൽ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്. സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാർഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തർപ്രദേശ് സ്വദേശികളാണെന്നും വലന്റൈൻസ് ഡേ ആഘോഷിക്കാൻ ഇരുവരും ഗോവയിൽ എത്തിയതാണെന്നും കൊങ്കൺ പൊലീസ് പറഞ്ഞു. സുപ്രിയ ബാംഗ്ലൂരിലും വിഭു ദില്ലിയിലുമാണ് താമസിച്ചിരുന്നത്. സുപ്രിയയും വിഭുവും ബന്ധുക്കളാണെന്നും ഇവർ ഗോവയിലുണ്ടെന്ന് വീട്ടുകാർക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിൽ ഉണ്ടെന്നും തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം നാട്ടുകാർ കണ്ടതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
إرسال تعليق