മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ബാല്യവിവാഹം. ഇരുപത്താറുകാരാനാണു പതിനേഴുകാരിയെ വിവാഹം ചെയ്തത്. സംഭവത്തില്‍ വരനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ്. പെണ്‍കുട്ടി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്. 2022 ജൂലൈയിലാണ് ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്ന് വിവാഹം നടത്തിയതെന്നാണ് വരന്റെ ആരോപണം. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെണ്‍കുട്ടിയ്ക്ക് പ്രയാപൂര്ത്തിയായില്ലെന്നു തെളിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു.
കഴിഞ്ഞാഴ്ചയാണ് ഇടമലക്കുടി പഞ്ചായത്തിലും സമാനരീതിയില്‍ ശൈശവവിവാഹം നടന്നത്. 15 വയസ്സുകാരിയെ 47 വയസ്സുകാരനായിരുന്നു വിവാഹം ചെയ്തത് .ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിക്കുകയായിരുന്നു.
إرسال تعليق