ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഇപ്പോൾ ശൈത്യകാലം ആഘോഷിക്കുന്നതിനായി സഞ്ചാരികളുടെ തിരക്കാണ്. അതേസമയം തന്നെ, മറ്റു ചിലയിടങ്ങളിൽ താപനില ഉയർന്നതിനാൽ അധിക സമയം പുറത്തു ചിലവഴിക്കുന്നതിനെതിരെ കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ റായ്ഗഡ്, രത്നഗിരി ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉഷ്ണ തരംഗം സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ചില ഭാഗങ്ങൾ ചൂടേറിയ ദിവസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ഇത് ഫെബ്രുവരി മാസം ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സാധാരണ ശരാശരി താപനിലയേക്കാൾ 8 ഡിഗ്രി സെൽഷ്യസോളം കൂടുതലാണ്.
ഞായറാഴ്ച ഡൽഹിയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയാണ് (31.5 ഡിഗ്രി സെൽഷ്യസ്) റിപ്പോർട്ട് ചെയ്ത്. രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച രാത്രിസമയത്തെ താപനിലയും ഫെബ്രുവരി മാസത്തെ ശരാശരി താപനിലയേക്കാൾ പത്തു ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. ശനിയാഴ്ച, 23.2 ഡിഗ്രി സെൽഷ്യസായിരുന്നു ഷിംലയിലെ താപനില. 17 വർഷത്തിനിടയിൽ, ഫെബ്രുവരി മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിനാണ് ഷിംല നിവാസികൾ സാക്ഷ്യം വഹിച്ചത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും താപനില സാധാരണയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. അതേസമയം പഞ്ചാബിലെയും ഹരിയാനയിലെയും ശരാശരി താപനില ശരാശരി 4 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ആണ്. മഹാരാഷ്ട്രയിൽ, അകോല, മുംബൈ, സോലാപൂർ, ജൽഗാവ്, അമരാവതി, സത്താറ, രത്‌നഗിരി, നാഗ്പൂർ എന്നിവിടങ്ങളും ഇക്കഴിഞ്ഞ ഞായറാഴ്ച ചുട്ടുപൊള്ളുകയായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങളിൽ ഉഷ്ണ തരംഗത്തിനെതിരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിലെ കച്ച് സബ്ഡിവിഷൻ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ വരെ കുറയാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതിനു ശേഷം മുംബൈയിൽ പകൽ സമയത്തെ താപനില ഉയർന്നു തന്നെ തുടരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈപ്രദേശങ്ങളിലെ ജനങ്ങൾ ഉച്ചക്കു ശേഷം (ഉച്ച മുതൽ, വൈകുന്നേരും 3 മണി വരെയുള്ള സമയങ്ങളിൽ) പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണണെന്നും നിർദേശമുണ്ട്. ഇതോടൊപ്പം, അയഞ്ഞതും ധരിക്കാൻ എളുപ്പമുള്ളതുമായ വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിർത്തണമെന്നുംവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
إرسال تعليق