കാണാതാകുന്ന വയോജനങ്ങളെ കണ്ടെത്താൻ പുത്തൻ മാർഗവുമായി ചെന്നൈ പോലീസ്. ബാംഗിൾ ടെക്‌നിക് (bangle technic) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. വയോജനങ്ങളുടെ കയ്യിൽ പേരെഴുതിയ വള ധരിപ്പിക്കുകയാണ് ഇതു വഴി ചെയ്യുന്നത്. ഇവരെ കാണുന്ന വഴി യാത്രക്കാർക്കോ മറ്റ് അപരിചിതർക്കോ എളുപ്പത്തിൽ സഹായിക്കാനും ബന്ധുക്കളെ ബന്ധപ്പെടാനും ആകും.
കഴിഞ്ഞ ദിവസം നഗരത്തിൽ കാണാതായ 77 കാരിയായ സ്ത്രീയെ രണ്ട് മണിക്കൂറിനുള്ളിൽ ചെന്നൈ പോലീസ് കണ്ടെത്തിയിരുന്നു. ജനുവരി 28 നാണ് ചെന്നൈയിലെ അരുമ്പാക്കം പ്രദേശത്തെ രാജേശ്വരി എന്നയാളെ വീട്ടിൽ നിന്ന് കാണാതായത്. പലയിടത്തും അന്വേഷിച്ചിട്ടും രാജേശ്വരിയെ കണ്ടെത്താനാകാതെ വീട്ടുകാർ നിരാശരായി. രാജേശ്വരിക്ക് ഓർമ്മക്കുറവും ഉണ്ടായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയും രാജേശ്വരിയുടെ ഫോട്ടോ ചെന്നൈയിലെ എല്ലാ പോലീസ് സ്റ്റേഷൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കിടുകയും ചെയ്തു. ജനുവരി 30 ന് രാത്രിയിൽ തൊണ്ടിയാർപേട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള വാഷർമെൻപേട്ടിൽ വെച്ച് രാജേശ്വരിയെ കണ്ടെത്തി. തുടർന്ന് വാഷർമെൻപേട്ട് പോലീസ് എത്തി അത് രാജേശ്വരി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഉടൻ തന്നെ അവർ അരുമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അരുമ്പാക്കം പോലീസ് എത്തി രാജേശ്വരിയെ സ്വന്തം വീട്ടിലെത്തിച്ചു.
വാർദ്ധക്യസഹജമായ ഓർമ്മക്കുറവും മറ്റു കാരണങ്ങളും മൂലം പ്രായമായവരെ കാണാതാവുന്നത് പതിവാണെന്ന് മനസ്സിലാക്കിയ അരുമ്പാക്കം എസ്ഐ പ്രകാശ് 400 രൂപയ്ക്ക് ഒരു വള വാങ്ങി, അതിൽ കുടുംബാംഗങ്ങളിൽ ഒരാളുടെ ഫോൺ നമ്പർ രേഖപ്പെടുത്തി രാജേശ്വരിക്ക് നൽകി.
പ്രദേശത്തെ വയോജനങ്ങളുടെ പട്ടിക ശേഖരിക്കുകയാണെന്ന് അരുമ്പാക്കം അസിസ്റ്റന്റ് കമ്മീഷണർ അരുൾ സന്തോഷ് അമുത്തു പറഞ്ഞു. ഓർമ്മക്കുറവും ഇത്തരത്തിൽ ഇറങ്ങിപോകുന്ന പ്രവണതയുമുള്ള വ്യക്തികൾക്ക് ഇങ്ങനെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയ വളകൾ നൽകും. ഈ വ്യക്തികളെ പൊതുസ്ഥലത്ത് കാണുന്ന ആർക്കും അവരുടെ ബന്ധുക്കളെ ബന്ധപ്പെടാനാകും.
”ഞങ്ങൾ എല്ലാ വയോജനങ്ങളുടെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗമോ പ്രായാധിക്യം മൂലമുള്ള ഓർമ്മക്കുറവോ ബാലൻസ് നഷ്ടപ്പെടുകയോ ചെയുന്നവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. തെരുവിലെ നിരാലംബരായ വൃദ്ധർക്ക് ബന്ധപ്പെട്ട അധികൃതരുടെ ഫോൺ നമ്പറുകളുള്ള വളകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്”, പോലീസ് പറഞ്ഞു.
إرسال تعليق