കണ്ണൂർ: കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്‌കരിക്കുന്നു. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യുടെ മൃതദേഹമാണ് പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത്. ശനിയാഴ്ചയാണ് ലൈസാമ്മ മരിച്ചത്.
മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം ചിതയൊരുക്കി സംസ്കരിക്കാമെന്ന് സഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പരമ്പരാഗത രീതിയില്‍ നിന്ന് മാറാൻ വിശ്വാസികൾ തയ്യാറായിരുന്നില്ല. വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഒപ്പം ലൈസാമയുടെ പേരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വീട്ടിലെ ശുശ്രൂഷ. അതുകഴിഞ്ഞ് പള്ളിയില്‍. നാലിന് പയ്യാമ്പലത്ത് സംസ്‌കാരം.
പണം കൊടുത്ത് മൃതദേഹം സംസ്കരിക്കുന്നതിനോട് വ്യക്തിപരമായ യോജിപ്പില്ല. എന്നാലും മാറിച്ചിന്തിക്കാൻ പുതുതലമുറയ്ക്ക് വഴിവെട്ടാൻ ശ്രമിക്കുകയാണെന്ന് സെബാസ്റ്റ്യൻ പ്രതികരിച്ചു .മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും നല്‍കിയെന്നും വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
إرسال تعليق