കടുത്തുരുത്തി: സ്വകാര്യ ബാങ്കില്‍ പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാനെത്തിയ വീട്ടമ്മയ്ക്കു സ്വര്‍ണം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകള്‍.
ഗത്യന്തരമില്ലാതെ പോലീസിന്റെ സഹായം തേടിയതോടെയാണ് വീട്ടമ്മയ്ക്കു സ്വര്‍ണം തിരികെ ലഭിച്ചത്. കടുത്തുരുത്തിയിലാണ് സംഭവം.
വീട്ടമ്മ ബാങ്കില്‍ പണയംവച്ചിരുന്ന സ്വര്‍ണം ജീവനക്കാര്‍ കൂടിയ തുകയ്ക്കു ഇതേ ബാങ്കില്‍ തന്നെ മറിച്ചു വയ്ക്കുകയായിരുന്നു.
സ്വര്‍ണം കൊടുത്തില്ലെങ്കില്‍ കേസും അറസ്റ്റുമുണ്ടാകുമെന്ന നിലയിലേക്കു കാര്യങ്ങളെത്തിയതോടെ പണയംവച്ച സ്വര്‍ണം മടക്കി നല്കിയ ജീവനക്കാര്‍ വീട്ടമ്മയുടെ കാല് പിടിച്ചു കേസില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.
പോലീസിന്റെ ശക്തമായ നിലപാടാണ് വീട്ടമ്മയ്ക്കു സ്വര്‍ണം തിരികെ ലഭിക്കാന്‍ സഹായിച്ചത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: –
വൈക്കം സ്വദേശിയായ സോണിയ ഒരു മാസം മുമ്പാണ് കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കില്‍ 38 പവന് സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചു 13 ലക്ഷം രൂപ വായ്പയെടുത്തത്. ബിസിനസ് ലോണെന്ന പേരിലാണ് വായ്പയെടുത്തത്.
കൂടുതല്‍ തുക നല്കുന്നതിനാല് കൃത്യമായ പേപ്പര്‍ ഇടപാടുകള്‍ നടത്താനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ പണത്തിന് ആവശ്യമുള്ളതിനാല്‍ സോണിയായും ഇക്കാര്യത്തില്‍ കൂടുതല്‍ വാശി പിടിച്ചില്ല.
കഴിഞ്ഞദിവസം രാവിലെ സ്വര്‍ണം തിരികെയെടുക്കാനായി വീട്ടമ്മ ബാങ്കിലെത്തി. എന്നാല്‍ ഇന്ന് സ്വര്‍ണം നല്കാന് കഴിയില്ലെന്നായിരുന്നു ബാങ്ക് ജീവനക്കാര്‍ വീട്ടമ്മയെ അറിയിച്ചത്.
തുടര്‍ന്ന് വീട്ടമ്മ വൈകുന്നേരം വരെ ബാങ്കില്‍ കാത്തിരുന്നു. സ്വര്‍ണം മടക്കി നല്കാന് ജീവനക്കാര്‍ തയാറാകാതിരുന്നതോടെ വീട്ടമ്മ കടുത്തുരുത്തി പോലീസിനെ സമീപിച്ചു പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി വീട്ടമ്മയ്ക്കു സ്വര്‍ണം തിരികെ നല്കാന് ആവശ്യപെട്ടെങ്കിലും ജീവനക്കാര്‍ അടുത്തദിവസമെത്തിയാല് നല്‍കാമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
സ്വര്‍ണം കിട്ടാതെ ബാങ്കില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാട് സോണിയായും കുടുംബവും സ്വീകരിച്ചതോടെ പോലീസ് ബാങ്ക് മാനേജരെ സ്റ്റേഷനിലേക്കു കൂട്ടികൊണ്ടു പോയി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ബാങ്കില്‍ നടന്ന തിരിമറിയെ കുറിച്ചുള്ള വിവരം മനസിലാകുന്നത്.
ഇതോടെ ബാങ്ക് ജീവനക്കാര്‍ വീട്ടമ്മയുടെയും പോലീസിന്റെയും കാല് പിടിച്ചു സ്വര്‍ണം മടക്കി നല്കി കേസില്ലാതെ രക്ഷപ്പെടുകയായിരുന്നു.
ഈ ബാങ്കില്‍ ഇത്തരത്തില്‍ കൂടുതല്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന കാര്യം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുത്തുരുത്തി മേഖലയില്‍ നിരവധി ധനകാര്യ സ്ഥാപനത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുകയും സ്ഥാപനങ്ങൾ പൂട്ടി പോവുകയും നിരവധിയാളുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ബാങ്കിലും സമാന സാഹചര്യമാണോയെന്നാണ് നാട്ടുകാരുടെയിടെയിലുണ്ടായിരിക്കുന്ന സംശയം.
إرسال تعليق