കോഴിക്കോട്: വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ജീവിതശൈലി രോഗ നിർണയ ക്യാമ്പൊരുക്കി വരനും കുടുംബവും. വീട്ടിലെത്തിയ വധുവിനും പരിശോധന കൗതുകമായി. നാട്ടുകാർക്ക് ഇത് വേറിട്ട അനുഭവവുമായി. കോഴിക്കോട് പുറമേരിയിലാണ് വിവാഹ വീട്ടിലെ വൈദ്യ പരിശോധന കൌതുകകരമായത്.
കോഴിക്കോട് പുറമേരി വാട്ടർ സൈറ്റിന് സമീപം കേളോത്ത് വിഷ്ണുവിന്റെയും മേമുണ്ട സ്വദേശിനി അർഥനയുടെയും വിവാഹത്തിലാണ് അതിഥികൾക്ക് ജീവിതശൈലി രോഗ പരിശോധന നടത്തിയത്. വിവാഹത്തിലെ തലേ ദിവസം മുതൽ ഇവിടെ ക്ഷണിതാക്കൾക്കെല്ലാം വൈദ്യ പരിശോധനയുണ്ട്.
ഒരു ഡോക്ടറും പാരമെഡിക്കൽ സ്റ്റാഫുമായി മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ ബസ് വീടിന് മുന്നിൽ സജ്ജമായിരുന്നു. അതിഥികൾക്കായി സൗജന്യ ജീവിത ശൈലി രോഗങ്ങൾക്കുള്ള പരിശോധനയാണ് പ്രധാനമായും നൽകുന്നത്.
ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ 180 ഓളം പേർക്ക് തുടർ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങളും കുടുബം നൽകി. കോഴിക്കോട് മിംസ് ആശുപത്രി ജീവനക്കാരനാണ് വിഷ്ണു. പരിശോധനക്ക് ആംസ്റ്റർ മിംസ് എമർജൻസി മെഡിസിനിലെ ഡോ. അനഘയാണ് നേതൃത്വം നൽകിയത്.
إرسال تعليق