ഇരിട്ടി: അയ്യങ്കുന്നിലെ അടഞ്ഞു കിടന്ന റബ്ബർ സഹകരണസംഘം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവർച്ച നടത്തിയ മോഷ്ടാക്കൾ അറസ്റ്റിൽ. കൂത്തുപറമ്പ് മുണ്ടേരിമൊട്ട കോളനിയിലെ താമസക്കാരനായ മണികണ്ഠൻ (27), മൂരിയാട് സ്വദേശി മണികണ്ഠൻ (39) എന്നിവരെയാണ് കരിക്കോട്ടക്കരി എസ് എച്ച് ഒ പി.ബി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി അറസ്റ്റ് ചെയ്തത്. ഒരു പ്രതിയെ ഇടുക്കി അടിമാലിയിൽ വെച്ചും മറ്റൊരുപ്രതിയെ മുണ്ടേരിമൊട്ടയിൽ വെച്ചുമാണ് പിടികൂടിയത്.
ഈ മാസം ഒൻപതിന് രാത്രിയിലായിരുന്നു മോഷണം നടന്നത്. അടഞ്ഞുകിടക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് ഇരുന്നൂറോളം റബ്ബർ റോളിംഗ് അച്ചുകളാണ് ഇവർ മോഷ്ടിച്ച് കൊണ്ടുപോയത്. ഇതിനു പത്ത് ലക്ഷത്തോളം രൂപ വിലവരും. സ്ഥാപനത്തിന്റെ ലിക്വിഡേറ്ററായി പ്രവർത്തിക്കുന്ന അസി. രജിസ്ട്രാർ ജയശ്രീയുടെ പരാതിയിൽ കരിക്കോട്ടക്കരി പോലീസ് കേസെടുത്ത് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചു വരുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. പകൽ സമയം സ്വന്തം വാഹനത്തിൽ പഴയസാധനങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തുകയും രാത്രികാലങ്ങളിൽ മോഷണവുമായിരുന്നു ഇവരുടെ പതിവ്. മുഖ്യ പ്രതിയായ മണികണ്ഠൻ നിരവധികേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇൻസ്‌പെക്ടർ പി.ബി. സജീവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വിപിൻ, അബ്ദുൽ റൗഫ്, എ എസ് ഐ റോബിൻസൺ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, പ്രമോദ് ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.
إرسال تعليق