Join News @ Iritty Whats App Group

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട്ടില്‍ എത്തിയ മലയാളി യുവതി കഷ്ടപ്പെട്ടത് മൂന്ന് മാസം;കാമുകൻ കേരളത്തിൽ ഭാര്യക്കും മക്കള്‍ക്കുമൊപ്പം



ചെന്നൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട്ടില്‍ എത്തിയ മലയാളി യുവതി കഷ്ടപ്പെട്ടത് മൂന്ന് മാസം. യുവതി അന്വേഷിച്ചിരുന്ന കാമുകൻ ഇതേ സമയം. ഭാര്യക്കും മക്കൾക്കുമൊപ്പം കേരളത്തില്‍ തന്നെയാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ എത്തിയത്. വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ്.

സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ ദിണ്ടിഗലിലെ വേദസന്തൂരിൽ എത്തുന്നത്. ഇരുവരും ഒന്നിച്ച് ജീവിക്കാൻ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി യുവതി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടത്. പക്ഷേ യുവതി ദിണ്ടിഗൽ വേദസന്തൂർ എത്തിയപ്പോഴാണ് ഇങ്ങനെയൊരാൾ അവിടെയില്ലെന്ന് വ്യക്തമായത്.

ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവർ ദിണ്ടിഗലിൽ പെട്ടുപോയി. എന്തു ചെയ്യണമെന്ന് അറിയാതെ വന്നപ്പോള്‍ ആരുമില്ലാത്തയാളാണെന്നും അഭയം തരണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടിൽ യുവതി അഭയം തേടി. അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി ജോലിക്ക് കയറി യുവതി പിന്നീട് ജീവിക്കുകയായിരുന്നു. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെയും സമീപിച്ചു.

അന്വേഷണം തുടങ്ങിയ കേരള പൊലീസ് യുവതിയുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസിലേക്ക് അയച്ചിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വേദസന്തൂർ ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നു. യുവതിയെ അവിടെവച്ച് വേദസന്തൂർ ഡിഎസ്പി ദുർഗാദേവി കണ്ടത് നിര്‍ണായകമായി.

കേരള പൊലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ഈ പൊലീസ് ഓഫീസർ യുവതിയെ തടഞ്ഞുവച്ചു. തമിഴ്നാട് പൊലീസ് അറിയിച്ചതിനെ തുടർന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവ് മലയാളിയാണ്. ദിണ്ടിഗലിൽ സ്പിന്നിംഗ് മിൽ മാനേജർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യഥാർത്ഥത്തിൽ കേരളത്തിൽ കെട്ടിട നിർമാണ തൊഴിലാളിയാണ്.

Post a Comment

أحدث أقدم
Join Our Whats App Group