ഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയില്‍ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് കേരള രജിസ്‌ട്രേഷനിലുള്ള വാഹനം മാലിന്യമടക്കം പിടികൂടിയത്.
മാക്കൂട്ടം വനമേഖലയില്‍ മാലിന്യം തള്ളുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്ര, കേരള രജിസ്ട്രേഷനിലുള്ള ലോറികള്‍ വനപാലകര്‍ പിടികൂടിയിരുന്നു. ഇതില്‍ ആന്ധ്ര രജിസ്‌ട്രേഷന്‍ ലോറി കസ്റ്റഡിയിലെടുക്കുകയും അതിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.
കേരള രജിസ്‌ട്രേഷന്‍ വാഹന അധികൃതരില്‍ നിന്നും പതിനായിരം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച വീണ്ടും മാലിന്യം തള്ളുന്നതിനിടെ കേരള രജിസ്‌ട്രേഷന്‍ വാഹനം പിടികൂടി പിഴ ഈടാക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്ക് ലോഡെടുക്കാനും കേരളത്തില്‍ ലോഡിറക്കി കര്‍ണാടകയിലേക്കും പോകുന്ന ഒഴിഞ്ഞ വാഹനങ്ങളിലാണ് പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള വിവിധ തരത്തിലുള്ള മാലിന്യങ്ങള്‍ ചെറിയ തുക നല്‍കി വനമേഖലയില്‍ തള്ളാനായി കയറ്റിവിടുന്നത്.
ഇത്തരം മാലിന്യം തള്ളലിനെതിരെ പരാതി ഉയരുകയും കര്‍ണാടകയില്‍ മാധ്യമങ്ങളില്‍ വലിയ വര്‍ത്തയാവുകയും ചെയ്തതോടെയാണ് മാക്കൂട്ടം വനമേഖല ഉള്‍ക്കൊള്ളുന്ന ബെട്ടോളി പഞ്ചായത്ത് അധികൃതരും കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേതം അധികൃതരും കര്‍ശനമായ പരിശോധന നടത്താനും ഇത്തരം വാഹനങ്ങളെ കണ്ടെത്തി നടപടിയെടുക്കാനും മുന്നോട്ടുവന്നത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ മേഖലയില്‍ ഉണ്ടാകുമെന്ന് ഇവര്‍ അറിയിച്ചു.
إرسال تعليق