Join News @ Iritty Whats App Group

കെ.എസ്.ആര്‍.ടി.സി. തന്നെ യാത്രക്കാരന് ഓട്ടോയും ഏര്‍പ്പാടാക്കും; ആനവണ്ടിയെ രക്ഷിക്കാന്‍ ‘‘ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി’’ പദ്ധതി ; യൂണിയനുകള്‍ എതിര്‍ത്താലും മുമ്പോട്ടുപോകും



കൊച്ചി: വൈവിധ്യവല്‍ക്കരണത്തിലൂടെയും പുതിയ പദ്ധതികളിലൂടെയും കെ.എസ്.ആര്‍.ടി.സി. ലാഭത്തിലാക്കാനൊരുങ്ങി മാനേജ്‌മെന്റ്. യൂണിയനുകള്‍ എതിര്‍പ്പുയര്‍ത്തിയാലും മുന്നോട്ടുപോകാനാണു തീരുമാനം.

ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു യൂണിയന്‍ നേതാക്കളെയും കോര്‍പറേഷനെയും സര്‍ക്കാര്‍ അറിയിച്ചതായി കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ അറിയിച്ചത് ഇതിന്റെ തുടര്‍ച്ചയാണെന്നാണു വിലയിരുത്തല്‍.

കെ.എസ്.ആര്‍.ടി.സി. ബസില്‍ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ അവിടെ നിന്നു പോകേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. ''ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി'' എന്ന പേരിലുള്ള ഈ പദ്ധതി നടപ്പാക്കുമ്പോള്‍, കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറുമ്പോള്‍ത്തന്നെ കൃത്യമായി യാത്രക്കാരന് എത്തേണ്ട സ്ഥലത്തേക്കു ടിക്കറ്റെടുക്കാം.

ഇതിലൂടെ കൂടുതല്‍ പേര്‍ ദീര്‍ഘദൂര യാത്രകള്‍ക്കടക്കം കെ.എസ്.ആര്‍.ടി.സിയെ സമീപിക്കുമെന്നാണു സൂചന. തിരുവനന്തപുരത്തുനിന്ന് എറണാകുളം സ്റ്റാന്‍ഡില്‍ ഇറങ്ങി െഹെക്കോടതിയിലേക്കാണു പോകേണ്ടതെങ്കില്‍ തിരുവനന്തപുരത്തുനിന്നു കയറുമ്പോള്‍ ഹൈക്കോടതിയെന്നു ടിക്കറ്റെടുത്ത് എറണാകുളത്ത് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ചിട്ടുള്ള ഓട്ടോറിക്ഷ ഉപയോഗിക്കാനാകും.

ഇതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങി നല്‍കാന്‍ കെ.ടി.ഡി.എഫ്.സിയുമായി ചര്‍ച്ച നടക്കുകയാണ്. ഓട്ടോകള്‍ക്ക് ഇതിനായി പ്രത്യേക പെര്‍മിറ്റ് നല്‍കും. കെ.എസ്.ആര്‍.ടി.സിയുടെ ഓട്ടോ സര്‍വീസിനടക്കം ജീവനക്കാരുടെ സഹായം അനിവാര്യമാണ്. നഗരങ്ങളിലെ പ്രധാന സ്‌റ്റോപ്പുകളിലേക്കു യാത്രക്കാരനെ എത്തിക്കാനുള്ള ഫീഡര്‍ സര്‍വീസുകള്‍ക്കായി എട്ടു മുതല്‍ 24 വരെ സീറ്റുള്ള വാഹനങ്ങള്‍ക്കു പെര്‍മിറ്റ് നല്‍കുന്നതാണു പരിഗണനയില്‍.

അടുത്ത ഘട്ടത്തില്‍ ഫീഡര്‍ സര്‍വീസുകളില്‍ ഓട്ടോറിക്ഷയ്ക്കു പെര്‍മിറ്റ് അനുവദിക്കുന്നതും പരിഗണിക്കും. ഫീഡര്‍ സര്‍വീസുകള്‍ക്ക് പ്രത്യേക നിറം നല്‍കും. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് മെഷീനും ഇവര്‍ക്കു ലഭ്യമാക്കും. ഫീഡര്‍ സര്‍വീസിലെ ടിക്കറ്റുമായി കയറുന്നവര്‍ക്കു കെ.എസ്.ആര്‍.ടി.സിയില്‍ ചെറിയ ഇളവു നല്‍കും.

ഫീഡര്‍ സര്‍വീസില്‍ പത്തു രൂപ ടിക്കറ്റാണെങ്കില്‍ ഇതില്‍ ഒന്‍പതു രൂപ വാഹന ഉടമയ്ക്കും ഒരു രൂപ കെ.എസ്.ആര്‍.ടി.സിക്കുമാണ്. ഫീഡര്‍ സര്‍വീസില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി സ്റ്റാന്‍ഡിലെത്തിയാല്‍ ഈ ടിക്കറ്റു കാണിച്ചു ഒരു രൂപ തിരികെ വാങ്ങാം. ഈ പദ്ധതി ഇരുചക്രവാഹന ഉപയോഗവും അതുവഴിയുള്ള അപകടങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്നാണു കെ.എസ്.ആര്‍.ടി.സിയുടെ വാദം.

ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് ഓണക്കാലത്തെ ശമ്പളത്തിനു സഹായം നല്‍കുമ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ് കോര്‍പറേഷന്‍ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂെലെ മുതല്‍ സര്‍ക്കാര്‍ അമ്പതുകോടി രൂപ സഹായം നല്‍കുന്നുണ്ട്. ഇനി അതു കിട്ടണമെന്നില്ലെന്നാണു കെ.എസ്.ആര്‍.ടി.സി. പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group