കൊല്ലം : വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികൾക്കും എതിരേ കേസെടുത്തു. വൃത്തിയില്ലത്ത സാഹചര്യത്തിലാണ് മിഠായികൾ ഉണ്ടാക്കിയിരുന്നത്.
25 ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നതാകട്ടെ അഞ്ച് ചെറുമുറികളിലാണ്. മിഠായി ഉണ്ടാക്കുന്ന മുറിക്ക് സമീപത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകിയ നിലയിലായിരുന്നു. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി നിർമ്മിച്ചിരുന്നത്. വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന.
മിഠായി നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. അനധികൃത ഭക്ഷ്യ ഉൽപ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികൾക്കെതിരെ കേസെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
إرسال تعليق