Join News @ Iritty Whats App Group

ഭൂചലനത്തിൽ മരണം 7800 കടന്നു; സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനം തുടരുന്നു, കഠിനമായ തണുപ്പ് പ്രധാന തടസ്സം


ഇസ്താംബൂൾ: ഭൂചലനത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകൾ ഭൂചലനത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. 

തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏറ്‍പ്പെടു്തതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. 

അതേ സമയം, തുടർ ഭൂചലനങ്ങളിൽ വൻ തിരിച്ചടി നേരിട്ട തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുർക്കിയിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും തുര്‍ക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചു. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. 

രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന സഹായം തേടിയുള്ള നിലവിളികൾ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസം. കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദ സന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാർത്ഥിക്കുന്നു. പക്ഷേ രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞ്ഞും, റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസം.

Post a Comment

أحدث أقدم
Join Our Whats App Group