Join News @ Iritty Whats App Group

മരണസംഖ്യ 21,000 ആയി; കോൺക്രീറ്റ് കൂനകൾക്കുള്ളിൽ ഇനിയും അനേകം പേർ, പ്രതീക്ഷകൾ മങ്ങുന്നു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 21,000 കടന്നു. തുർക്കിയിൽ പതിനെട്ടായിരത്തിന് മുകളിലും സിറിയയിൽ മുവായിരത്തിലേറെയുമാണ് മരണസംഖ്യ. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തുർക്കിയിലും സിറിയയിലും 7.8 തീവ്രതയിൽ വൻ ഭൂകമ്പമുണ്ടായത്. അഞ്ച് ദിവസം പിന്നിടുമ്പോൾ തകർന്ന കോൺക്രീറ്റ് കൂനകൾക്കിടയിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾ പിന്നിടുമ്പോൾ ഇനിയും ജീവനോടെ ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷയും മങ്ങുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെന്നാണ് യുഎൻ മുന്നറിയിപ്പ്.

പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തെ രൂക്ഷമായി ബാധിക്കുന്നത്. കൊടും തണുപ്പും മഴയും നിരന്തരം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന മേധാവിയും സിറിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജീവൻ രക്ഷിക്കാൻ ഏറ്റവും സാധ്യതയുള്ള 72 മണിക്കൂർ പിന്നിട്ടതിനാൽ അതിജീവിച്ചവരെ കണ്ടെത്താനുള്ള സാധ്യത മങ്ങിയതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു ലക്ഷത്തിലേറെ രക്ഷാപ്രവർത്തകരാണ് തെരച്ചിൽ നടത്തുന്നത്.

ദുരന്തബാധിതരിൽ പലർക്കും പുനരധിവാസവും ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിൽ പാളിച്ചയുണ്ടായതായും തുർക്കി പ്രസിഡന്റ് സമ്മതിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group