Join News @ Iritty Whats App Group

ഓർഡർ ചെയ്ത ഐഫോണിന് കൊടുക്കാൻ പണമില്ല, ഡെലിവറി ബോയിയെ കഴുത്തറുത്ത് കൊന്ന് ഫോൺ സ്വന്തമാക്കി; 20കാരൻ പിടിയില്‍


ബെം​ഗളൂരു: കർണാടകയിലെ ഹാസനിൽ ഐ ഫോൺ സ്വന്തമാക്കുന്നതിനായി ഡെലിവറി ഏജന്റിനെ 20കാരൻ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. ഫെബ്രുവരി ഏഴിന് കർണാടക ഹാസൻ ജില്ലയിലെ അരസികരെയിലാണ് സംഭവം. ക്യാഷ് ഓൺ ഡെലിവറി വ്യവസ്ഥയിൽ ഓൺലൈനിൽ ഐ ഫോണിന് ഓർഡർ ചെയ്ത ശേഷം ഫോൺ കൊണ്ടുവന്നപ്പോൾ പണം നൽകാതെ കൊലപ്പെടുത്തി ഫോൺ സ്വന്തമാക്കുകയായിരുന്നു. ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ദത്തയെന്ന യുവാവാണ് പ്രതി. 

കൊറിയർ കമ്പനിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് പ്രതിയായ ഹേമന്ത്. കൊലപാതകത്തിന് ശേഷം നായിക്കിന്റെ മൃതദേഹം മൂന്ന് ദിവസം ബാ​ഗിനുള്ളിലാക്കി വീട്ടിൽ ഒളിപ്പിച്ച ശേഷം റെയിൽവേ ട്രാക്കിൽ എത്തിച്ച് സമീപം മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി വീഡിയോയിൽ, മൃതദേഹവുമായി പ്രതി ബൈക്കിൽ പോകുന്നത് കാണാം. രണ്ട് ദിവസം മുമ്പ് പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. 

ഫെബ്രുവരി 11 ന് രാവിലെ അഞ്ചെകോപാലു പാലത്തിന് സമീപം ലക്ഷ്മിപുരത്ത് റെയിൽവേ ട്രാക്കിന് സമീപം പാതി കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ലക്ഷ്മിപുരത്ത് പാഴ്സൽ നൽകാൻ പോയതിന് ശേഷം ഹേമന്ത് നായിക്കിനെ കാണാതാകുകയായിരുന്നു. 

ഹേമന്ത് ദത്ത 46000 രൂപ വിലയുള്ള സെക്കൻഡ് ഹാൻഡ് ഐഫോണിന് ഓർഡർ ചെയ്തു. സെക്കൻഡ് ഹാൻഡ് ഉൽപ്പന്നത്തിന് ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണെന്ന സൗകര്യമാണ് ഇയാൾ ഉപയോ​ഗപ്പെടുത്തിയത്. ഡെലിവറി ഏജന്റ് ഫോണുമായി എത്തിയപ്പോൾ ഹേമന്ത് ദത്തയുടെ കൈവശം പണമില്ലായിരുന്നു. പണം ഇപ്പോൾ കൊണ്ടുവരാമെന്നും അതുവരെ വീട്ടിൽ ഇരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഹേമന്ത് നായിക് ഫോണിൽ നോക്കിയിരിക്കവെ പിന്നിലൂടെയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിനോട് പ്രതിക്ക് ശത്രുതയോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും പണം നൽകാതെ ഐഫോൺ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group