കണ്ണൂർ: ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.
ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങി. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്. ഒന്നാന്തരം കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി.
إرسال تعليق