ദില്ലി: ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം.
1,75,025 പേരുടെ ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് സൗദി ഭരണകൂടം അനുവദിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഹജ്ജ് നയം അനുസരിച്ച് 80 ശതമാനം ക്വാട്ടയും സര്‍ക്കാര്‍ മുഖേനയും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും ആയിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 70:30 ആയിരുന്നു. ഇതിന് പുറമെ വി.ഐ.പി ഹജ്ജ് ക്വാട്ട പൂര്‍ണമായും നിര്‍ത്തലാക്കുകയും ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപയുടെ ഫീസ് പൂര്‍ണമായും എടുത്തുകളയുകയും ചെയ്‍തിട്ടുണ്ട്. രാജ്യത്തെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 25 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍.
إرسال تعليق