ഹിന്ദു എന്നതിൻ്റെ വിപരീതം മുസ്ലിം എന്ന് ചിലർ പഠിപ്പിക്കുമ്പോൾ ഗുരുവചനത്തിൻ്റെ പ്രസക്തി വീണ്ടും പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനവും മതേതര സംഗമവും ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന രംഗത്ത് ജ്വലിക്കുന്ന ബിംബമാണ് ശ്രീനാരായണ ഗുരു.ആലുവയിൽ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവമത സമ്മേളനം നടന്നതിൻ്റെ നൂറാം വാർഷികമെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതി മത ചിന്തയുടെ ചങ്ങല പൊട്ടിക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആ ചങ്ങല പൊട്ടിക്കാനുള്ള ആയുധമാണ് ഭരണഘടനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതവിദ്വേഷം ഏതൊക്കെ രീതിയിൽ രാജ്യത്തെ ശിഥിലീകരിക്കുമെന്ന് നാം കണ്ടതാണ്.ഹിന്ദു എന്ന വാക്കിൻ്റെ വിപരീതം മുസ്ലിം എന്ന് നമ്മുടെ രാജ്യത്ത് ചിലർ പഠിപ്പിക്കുമ്പോള്‍ ഗുരുവചനത്തിൻ്റെ പ്രസക്തി വീണ്ടും പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭരണഘടന എഴുതിയത് അംബേദ്കർ അല്ലെന്ന് ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.അയ്യങ്കാളി സ്വാതന്ത്ര്യത്തിൻ്റെ ശബ്ദമുയർത്തിയ ഇടമാണ് ഇപ്പോൾ അയ്യങ്കാളി ഹാൾ ആയി മാറിയത്.ഹാളിൻ്റെ പേരു മാറ്റം യാദൃശ്ചികതയായിരുന്നില്ലെന്നും നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം ആരുടെയും ദയാവായ്പ്പല്ല, അത് ഭരണഘടന സമ്മാനിച്ചതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നത് ആപത്താണ്. ഭരണഘടനയെ കാലാനുസൃതമായി പരിഷ്കരിക്കാൻ ലെജിസ്ലേച്ചറിനും എക്സിക്യൂട്ടീവിനും ജുഡിഷ്യറിക്കും അധികാരമുണ്ട്. പക്ഷേ അത് അനിയന്ത്രിതമായ അവകാശമല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഭരണഘടനയെ മാറ്റിമറിക്കാൻ ജുഡിഷ്യറിക്കു പോലും അധികാരമില്ല. അധികാരസ്ഥാനത്തുളളവർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു.അടുത്തിടെ ഉപരാഷ്ട്രപതി പറഞ്ഞത് ഭരണഘടന ഭേദഗതിക്ക് അധികാരമുള്ളത് പാർലമെൻ്റിനാണെന്നാണ്.ലെജിസ്ലേച്ചറിന് ഭരണഘടനയുടെ അടിസ്ഥാന തത്വം മാറ്റാൻ കഴിഞ്ഞാൽ പിന്നെ രാജ്യം എങ്ങനെ പരമാധികാരമായി നില നിൽക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
إرسال تعليق