ഇരിട്ടി: പാലപ്പുഴയിൽ നീന്താനിറങ്ങുന്നവർ അപകടത്തിൽപ്പെട്ട് മരിക്കുന്നത് തടയാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച ശേഷം ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് വിനോദത്തിനായി കുളിക്കാനും നീന്താനും ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ പേരാവൂർ തെരുവിലെ കാരിത്തടത്തിൽ പ്രിൻസ് (26 ) ഇവിടെ മുങ്ങി മരിച്ചിരുന്നു. കാണാൻ ശാന്തവും ഏവരെയും ആകർഷിക്കുന്ന മനോഹരവും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് ചതി ഒളിഞ്ഞിരിക്കുന്ന നിരവധി ചുഴികളുണ്ട്. നീന്തൽ അറിയുന്നവർ പോലും ഇത്തരം ചുഴികളിൽ അകപ്പെടുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇവിടെ എത്രയും പെട്ടെന്ന് മുന്നറിയിപ്പ് ബോർഡുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും മുഴക്കുന്ന് പഞ്ചായത്ത് അധികൃതർക്കും നിവേദനവും നൽകി. ജയപ്രകാശിനെക്കൂടാതെ ബി ജെ പി പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വർഗ്ഗീസ്, ജനറൽ സിക്രട്ടറി ഷൈൻ മുഴക്കുന്ന്, മുഴക്കുന്ന് പഞ്ചായത്ത് ജന. സിക്രട്ടറി എം. ഹരിദാസ്, ടി. പ്രകാശൻ, അഖിൽ കരുണാകരൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പാലപ്പുഴയിൽ നീന്താനിറങ്ങുന്നവർ അപകടത്തിൽപ്പെട്ട് മരിക്കുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം;ബി ജെ പി
News@Iritty
0
إرسال تعليق