കല്‍പ്പറ്റ: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് അമ്പത് അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഫയര്‍ഫോഴ്‌സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള സ്വദേശി അയമു (38) ആണ് ലക്കിടി വ്യൂപോയിന്റില്‍ നിന്ന് താഴെക്ക് പതിച്ചത്.
വൈകീട്ടായിരുന്നു സംഭവം. മറ്റു യാത്രക്കാരും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും അറിയിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി അയമുവിനെ സ്ട്രച്ചറില്‍ രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വൈകുന്നേരത്തോടെയാണ് അയമു കുടുംബത്തോടൊപ്പം ഇവിടെ എത്തിയത്. കാഴ്ചകള്‍ കാണുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ കുരങ്ങിന്റെ കൈയ്യില്‍ അകപ്പെടുകയായിരുന്നു. ചാവിയുമായി താഴേക്ക് കുരങ്ങന്‍ പോയപ്പോള്‍ പിന്നാലെ പോയതായിരുന്നു. സിമന്റ് പടവില്‍ പിടിച്ച് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തില്‍ ബാലന്‍സ് നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്. ഉടന്‍ സ്ഥലത്തുണ്ടായിരുന്ന മറ്റു വാഹനയാത്രികരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇതുവഴി എത്തിയ ലോറിയിലെ വടം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സ് കൂടി എത്തിയാണ് സ്‌ട്രെച്ചറില്‍ കയര്‍ ബന്ധിച്ച് ഏറെ പണിപ്പെട്ട് യുവാവിനെ മുകളിലേക്ക് എത്തിച്ചത്.
വീഴ്ചയില്‍ കോണ്‍ക്രീറ്റ് പടവുകളില്‍ ശരീരഭാഗങ്ങള്‍ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കൂടുതല്‍ താഴേക്ക് പോകാതെ മനസാന്നിധ്യത്തോടെ ഇദ്ദേഹം നിന്നതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. അപകടവിവരമറിഞ്ഞ് യാത്രക്കാരടക്കം നിരവധിയാളുകളാണ് വ്യൂപോയിന്റില്‍ തടിച്ചു കൂടിയത്. ജില്ല ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബഷീര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ വി. ഹമീദ്, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ. സുരേഷ്, എം.എസ്. സുജിത്ത്, പി.കെ. മുകേഷ്, കെ. രജ്ഞിത്ത്, എം.വി. ദീപ്ത്‌ലാല്‍, ഹോംഗാര്‍ഡ് പി.കെ. രാമകൃഷ്ണന്‍, വി.ജി. രൂപേഷ്, ടി. രഘു, എ.ആര്‍. രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
إرسال تعليق