Join News @ Iritty Whats App Group

മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മനുഷ്യമാംസം കഴിക്കൽ; അപൂർവങ്ങളിൽ അപൂർവം; ഇലന്തൂർ റോസ്ലി കേസിൽ കുറ്റപത്രം


കൊച്ചി: ഇലന്തൂർ നരബലിയിലെ റോസ്ലി കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊലക്കുറ്റത്തിന് പുറമെ മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളും മൂന്ന് പ്രതികൾക്കെതിരെയും ചുമത്തി. ഇരട്ട നരബലി കേസിൽ വിചാരണക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെയും നിയമിച്ചു.

പദ്മ കൊലക്കേസിന് പിന്നാലെയാണ് റോസ്ലി കൊലക്കേസിലും പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മലയാളിയെ നടുക്കിയ നരബലി കേസിൽ അന്വേഷണവിവരങ്ങൾ കുറ്റപത്രമാകുമ്പോൾ ഇരട്ട നരബലി അപൂർവങ്ങളിൽ അപൂർവമെന്നാണ് അന്വേഷണ സംഘം കേസിനെ വിശേഷിപ്പിക്കുന്നത്. കൊലപാതകം, മോഷണം, എന്നിവക്ക് പുറമെ കൂട്ടബലാത്സംഗം, നരബലി, മനുഷ്യമാംസം പാകം ചെയ്ത് കഴിക്കൽ തുടങ്ങിയ കൃത്യങ്ങളിൽ കൂടി തെളിവ് നിരത്തുന്നു. മുഹമ്മദ് ഷാഫി, ഭഗവത്സിംഗ്, ഭാര്യ ലൈല എന്നിവരാണ് പ്രതികൾ. പരാതി ശക്തമല്ലാത്തത് കൊണ്ടാണ് റോസ്ലിയെ കാണാതായ കേസിൽ അന്വേഷണം തുടക്കത്തിൽ വേഗത്തിൽ മുന്നോട്ട് പോകാതിരുന്നതെന്നും എറണാകുളം റൂറൽ എസ്പി വ്യക്തമാക്കി. 

കൊലപാതകത്തിന് ദൃക്സാക്ഷികളില്ല. എന്നാൽ മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 130 ലധികം രേഖകളും, അൻപതോളം തൊണ്ടി മുതലുകളും, 200 ലധികം സാക്ഷി മൊഴികളുമുണ്ട്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി എന്നതിനൊപ്പം മനുഷ്യമാംസം വിൽപന നടത്താമെന്നും ഷാഫി ഭഗവത്സിംഗിനെയും ലൈലയെും വിശ്വസിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന് ബലമേകുന്നതാണ്. 

ജിഷ കേസിലും കൂടത്തായി കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എൻ.കെ ഉണ്ണികൃഷ്ണനെയാണ് ഇരട്ട നരബലി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂർ കോടതിയിലാണ് റോസ്ലി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ രണ്ട് കോടതിയിലാണ് കുറ്റപത്രം നൽകിയതെങ്കിലും വിചാരണ തുടങ്ങുമ്പോൾ കേസ് ഒറ്റ കോടതിയിലേക്ക് മാറ്റാനും പ്രോസിക്യൂഷൻ അപേക്ഷ നൽകും.

Post a Comment

أحدث أقدم
Join Our Whats App Group