കണ്ണൂർ: പയ്യന്നൂരിൽ പള്ളിയിൽ നിസ്ക്കരിക്കാനെത്തിയയാളുടെ അരലക്ഷംരൂപയുടെ വാച്ച് അടിച്ചുമാറ്റിയത് സ്ഥിരം മോഷ്ടാവെന്ന് പൊലീസ്. ആളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. മറ്റൊരു മോഷണ കേസിൽ കാസർകോട് ബേക്കൽ സ്റ്റേഷനിൽ ആഴ്ചതോറും ഒപ്പിടാൻ എത്തിയിരുന്ന ഇയാളെ കഴിഞ്ഞ രണ്ടാഴ്ചയായി കാണാറില്ലെന്ന് പറയുന്നു.
ജനുവരി 18-ാം തീയതിയാണ് പയ്യന്നൂരിലെ ജുമാ മസ്ജിദില്‍ വൈകുന്നേരം മോഷണം നടത്തിയത്. പള്ളികൾ കേന്ദ്രീകരിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് മംഗലാപുരത്തുകൊണ്ടുപോയി വിൽക്കുന്നയാളാണ് പ്രതി. പയ്യന്നൂരിലെ മൊബൈല്‍ ഷോപ്പ് ഉടമ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി വി കെ പി അഷറഫിന്റെ അര ലക്ഷം രൂപ വരുന്ന റാഡോ വാച്ചാണ് പ്രതി കവർന്നത്. നിസ്‌കാരത്തിന് മുന്നോടിയായി അംഗശുദ്ധി വരുത്തുന്നതിനിടെയാണ് അഷ്റഫിന്‍റെ റാഡോ വാച്ച് പ്രതി കവർന്നത്. നിമിഷനേരം കൊണ്ടാണ് പ്രതി വാച്ച് കവർന്ന് കടന്നുകളഞ്ഞത്.
പളളിയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് മധ്യവയസ്‌കനായ ഒരാള്‍ വാച്ചുമായി കടന്നുകളയുന്ന ദൃശ്യം കണ്ടെത്തിയത്. ഇതോടെ അഷ്റഫ് പയ്യന്നൂര്‍ പോലീസില്‍ വ്യാപാരി പരാതി നല്‍കി. പള്ളികള്‍ കേന്ദ്രീകരിച്ചു വിലപിടിപ്പുള്ള വാച്ചുകളും മറ്റും മോഷ്ടിച്ച് മംഗലാപുരത്തും മറ്റും വില്‍പന നടത്തുന്ന കര്‍ണാടക സ്വദേശിയായ മോഷ്ടാവാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടെ നിരവധി പള്ളികളില്‍ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പയ്യന്നൂരിലെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കർണാടക സ്വദേശിയായ പ്രതി കാസർകോട് ബേക്കൽ സ്റ്റേഷനിൽ ഒപ്പിടാൻ എത്തുന്ന വിവരം ലഭിച്ചത്. എന്നാൽ രണ്ടാഴ്ചയായി ഇയാൾ വരാറില്ലെന്ന് വ്യക്തമായി.
إرسال تعليق