പത്തനംതിട്ട: ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി സഹയാത്രികയോട് വാക്കേറ്റത്തിലായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി എസ് ബെറ്റിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി കോട്ടയം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടയ്ക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് കൊല്ലം റെയിൽവേ പൊലീസ് പറയുന്നത് ഇങ്ങനെ. മാവേലിക്കരയിൽ നിന്നാണ് ഡോ. ബെറ്റി ട്രെയിനിൽ കയറിയത്. ട്രെയിൻ ശാസ്താംകോട്ട പിന്നിട്ടതോടെ മുൻസീറ്റിലെ യാത്രക്കാരി ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ തർക്കമുണ്ടായി.
ഉച്ചത്തിൽ സംസാരിക്കാൻ പറ്റാത്തവർ കാറിൽ യാത്ര ചെയ്യൂവെന്ന് സഹയാത്രിക പറഞ്ഞതോടെ വാക്കുതർക്കം രൂക്ഷമായി. വാക്കേറ്റം കയ്യേറ്റത്തിലേക്ക് കടക്കുമെന്നായപ്പോൾ വിവരമറിഞ്ഞ് രണ്ട് റെയിൽവേ പൊലീസുകാർ സ്ഥലത്തെത്തി. യാത്രക്കാരിൽ പലരും ഡോക്ടർക്കെതിരെയാണ് മൊഴി നൽകിയത്.
പൊലീസിനോടും ഡോക്ടർ മോശമായി പെരുമാറിയതോടെ സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച കണ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ ഡോക്ടർ പിടിച്ചു വാങ്ങി പുറത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ ഭർത്താവിനും ബന്ധുവിനുമൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ബെറ്റി നിഷേധിച്ചു. ഡോക്ടറാണെന്ന് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസോ സഹയാത്രികരോ ഇതുമാനിച്ചില്ലെന്നാണ് ഇവർ പറയുന്നത്. സംഭവങ്ങളെല്ലാം താനും എതിർ കക്ഷികളും ഫോണിൽ ചിത്രീകരിച്ചിരുന്നു. റെയിൽവെ പൊലീസുകാർ തന്റെ മൊബൈൽ ഫോൺ വാങ്ങാൻ ശ്രമിച്ചപ്പോൾ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പുറത്തേക്ക് പോയത്. നഷ്ടം സംഭവിച്ച പൊലീസുകാരന് പുതിയ ഫോൺ വാങ്ങി നല്‍കാമെന്നും ഡോക്ടർ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ഡോക്ടർ പറഞ്ഞു.
إرسال تعليق