തിരുവനന്തപുരം: പരീക്ഷ എഴുതാമെന്ന് സമ്മതിച്ചിട്ട് എഴുതാതിരിക്കുന്നവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ എഴുതാമെന്ന് കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവരിൽ 60–70% പേർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇത് പി.എസ്.സിക്ക് വലിയ ബാധ്യത വരുത്തിവെക്കുന്നുവെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെയാണ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.
പരീക്ഷ എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം എന്നിട്ടും വർധിച്ചു വരുന്നതായി കമ്മിഷൻ വിലയിരുത്തി.
ഐടിഐ പരീക്ഷ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്കു ബാധകമാക്കേണ്ടതില്ലെന്നും കമ്മിഷൻ തീരുമാനിച്ചു. അതിനു ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കാൻ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
إرسال تعليق