Join News @ Iritty Whats App Group

താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട


റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. 

താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെയും ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് തത്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു.

അതേസമയം സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. 

ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group