Join News @ Iritty Whats App Group

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം: സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനവും​ ആനുകൂല്യങ്ങളും ഉറപ്പാക്കി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. 2018 ഏപ്രിൽ 23ന്​ പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നഴ്‌സുമാരുടെ സംഘടനകളും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളും വിജ്ഞാപനത്തെ എതിർത്ത് നൽകിയ ഹർജി പരിഗണിച്ചാണിത്​. ആശുപത്രി മാനേജ്മെന്‍റുകളുടെയും നഴ്സുമാരുടെ സംഘടനകളുടെയും വാദങ്ങൾ കേട്ട് മൂന്നു മാസത്തിനകം പുതിയ വിജ്ഞാപനം ഇറക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

വിജ്ഞാപനം ചോദ്യം ചെയ്ത് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് അഡ്വാൻസ്‌ഡ് സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ‌്യൂഷൻസ് തുടങ്ങിയ സംഘടനകളും സ്വകാര്യ ആശുപത്രികളും നൽകിയ ഹരജികളിൽ ജസ്‌റ്റിസ് അമിത് റാവലാണ് വിജ്ഞാപനം റദ്ദാക്കി ഉത്തരവിറക്കിയത്.

50 കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം പ്രതിമാസം 20,000 രൂപയും പരമാവധി വേതനം 30,000 രൂപയുമാക്കിയാണ് സർക്കാർ നിശ്ചയിച്ചത്. എന്നാൽ ഈ തുക പര്യാപ്തമല്ലെന്ന് കാട്ടിയാണ് നഴ്‌സുമാരുടെ സംഘടന ഹൈകോടതിയെ സമീപിച്ചത്. ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച ശമ്പളം മതിയാകില്ലെന്നാണ് അവർ വാദിച്ചത്. സർക്കാർ സർവിസിൽ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 39,000 രൂപയാണെന്നും ഇവർ വാദിച്ചു.

സർക്കാർ ഏകപക്ഷീയമായാണ് വേതനം നിശ്ചയിച്ചതെന്നും വിജ്ഞാപനം നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രികളും അവരുടെ സംഘടന പ്രതിനിധികളും ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നിയോഗിച്ച ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഈ റിപ്പോർട്ട് ഹൈകോടതി സ്റ്റേ ചെയ്തത്​ സർക്കാർ കണക്കിലെടുത്തില്ലെന്നും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ വാദിച്ചു. ഇരുകൂട്ടരും പരാതി ഉന്നയിച്ച സാഹചര്യം കണക്കിലെടുത്ത സർക്കാർ വിജ്ഞാപനം സിംഗിൾ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group